നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി
|015 നവംബര്‍ 26നാണ് രണ്ട് മനുഷ്യരുടെ ജീവന് രക്ഷിക്കാനായി മാന്‍ഹോളിലേക്ക് ഇറങ്ങിയ ഓട്ടോ ഡ്രൈവര്‍ മാളിക്കടവ് മേപ്പക്കുടി നൌഷാദ് മരണപ്പെടുന്നത്...
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തിനിരയായവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൌഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. 2015 നവംബര്‍ 26നാണ് രണ്ട് മനുഷ്യരുടെ ജീവന് രക്ഷിക്കാനായി മാന്‍ഹോളിലേക്ക് ഇറങ്ങിയ ഓട്ടോ ഡ്രൈവര്‍ മാളിക്കടവ് മേപ്പക്കുടി നൌഷാദ് മരണപ്പെടുന്നത്.
കോഴിക്കോട് സിവിൽസ്റ്റേഷനിലാണ് സഫ്രീനയുടെ ആദ്യ നിയമനം. നൗഷാദിന്റെ മാതാവ് അസ്മാബി, സഫ്രീനയുടെ പിതാവ് ഹംസക്കോയ, മാതാവ് സുഹറ, അമ്മാവൻ എന്നിവര്‍ക്കൊപ്പമെത്തിയാണ് സഫ്രീന ജോലിയില്‍ പ്രവേശിച്ചത്. സഫ്രീനയെ സ്വീകരിക്കാൻ സിവിൽസ്റ്റേഷനിലെ ജീവനക്കാരും ഒത്തുകൂടി. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായാണ് സഫ്രീനയുടെ നിയനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള ചില വിവരങ്ങൾ ചേർക്കുകയാണ് ആദ്യ ദിവസം ചെയ്ത്.
വെള്ളിയാഴ്ചയാണ് തപാലിൽ നിയമന ഉത്തരവ് ലഭിച്ചത്. ഒരാഴ്ച മുമ്പ് എൻ.ജി.ഒ യൂനിയൻ പ്രതിനിധികൾ ജോലി യാഥാർഥ്യമാകുമെന്ന പ്രതീക്ഷ നൽകിയിരുന്നു. കോഴിക്കോട് നഗരത്തിലെ കണ്ടംകുളം റോഡിൽ കെ.എസ്.യു.ഡി.പിയുടെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ പിടഞ്ഞുമരിച്ച ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നൗഷാദും മരണമടഞ്ഞത്. പിറ്റേന്നുതന്നെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നൗഷാദിന്റെ ഭാര്യക്ക് ജോലി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. നഷ്ടപരിഹാരമായി ഭാര്യക്കും മാതാവ് അസ്മാബിക്കും അഞ്ച് ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. തുക നൽകിയെങ്കിലും ജോലിയുടെ കാര്യം ഒന്നുമായിരുന്നില്ല.
പുതിയ മുഖ്യമന്ത്രി പിണറായി വിജയൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ എന്നിവരോടെല്ലാം പലതവണയായി കുടുംബം ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇവരുടെയെല്ലാം ശ്രമഫലമായാണ് നൗഷാദിനുള്ള നാടിന്റെ സ്മരണാഞ്ജലിയായി ജോലി യാഥാർഥ്യമായത്.