സന്തോഷ് മാധവന്‍ ഭൂമിദാന കേസില്‍ റവന്യൂ വകുപ്പിന് തിരിച്ചടി
|ത്വരിത പരിശോധനാ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി
സന്തോഷ് മാധവന്‍ ബിനാമിയായ വിവാദ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന്റെ ദ്രുത പരിശോധന റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അംഗീകരിച്ചില്ല. റവന്യു വകുപ്പിന് പങ്കില്ലെങ്കില്‍ ഫയല്‍ ക്യാബിനെറ്റില്‍ എങ്ങനെ എത്തിയെന്നും വ്യവസായ വകുപ്പിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
റവന്യു വകുപ്പിനും മന്ത്രി അടൂര്‍ പ്രകാശിനും പങ്കില്ലെന്ന് കാണിച്ചുകൊണ്ടാണ് വിജലന്സ് എസ്‍പി കെ ജയകുമാര്‍ ദ്രുത പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ വിജിലന്‍സിന്റെ ഈ വാദം വിജലസ് ജഡ്ജി പി മാധവന്‍ അംഗീകരിച്ചില്ല. ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും സമഗ്രമായ അന്വേഷണം നടത്തി അടുത്ത മാസം രണ്ടാം തിയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
റവന്യു വകുപ്പിനും മന്ത്രിക്കും പങ്കില്ലെങ്കില്‍ ഫയല്‍ എങ്ങനെ ക്യാബിനെറ്റില്‍ എത്തിയെന്ന് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സന്തോഷ് മാധവന്‍ ബിനാമിയായ ഒരു സ്വകാര്യ ട്രസ്റ്റിന് എറണാകുളം ജില്ലയിലെ പറവൂരിലും കൊടുങ്ങല്ലൂരിലുമായി 122 ഏക്കര്‍ കൈമാറിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി അടൂര്‍ പ്രകാശ് ദ്രുത പരിശോധനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.