ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ അനാവശ്യ വിവാദമെന്ന് മുഖ്യമന്ത്രി
|പത്തനംതിട്ട പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പേര് പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശം
ഒട്ടേറെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് വന്‍കിട ജല വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തലങ്ങളിലെ പരിശോധനകള്‍ക്കും അനുമതികള്‍ക്കും ശേഷം പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ശരിയല്ല. പദ്ധതികളെ കുറിച്ചുള്ള അനാവശ്യ ആശങ്കകളും എതിര്‍പ്പുകളും സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പേര് പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശം. വിവാദങ്ങള്‍ ഉയരുമ്പോള്‍ അത് പരിശോധിക്കാന്‍ ബന്ധപ്പെട്ട സമിതികളെ നിയോഗിക്കാറുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ ശേഷം പദ്ധതിയെ എതിര്‍ക്കുന്നത് ശരിയല്ല.
ഒട്ടേറെ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സാധ്യമാകാത്ത സാഹചര്യമാണുള്ളത്. നിശ്ചിത ചതുരശ്ര അടിക്ക് മേല്‍ വീട് നിര്‍മിക്കുന്നവര്‍ക്ക് സൌരോര്‍ജ്ജ വൈദ്യുതി ഉത്പാദനം നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പമ്പാ നദിയില്‍ പെരുന്തേനരുവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.