നിയമസഭാ കയ്യാങ്കളി; കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
|കേസ് പിന്‍വലിക്കുന്ന കാര്യം പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിച്ചില്ല
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. കേസ് പിന്‍വലിക്കുന്ന കാര്യം പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിച്ചില്ല. പ്രതികളായ 6 എംഎല്‍എമാരും ഏപ്രില്‍ 21 ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും പുറത്തുവന്നു. 6 സിപിഎം എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഈ മാസം 9 നാണ്. കേസില്‍ പ്രതിയായ വി.ശിവന്‍കുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാല്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കോടതിയില്‍ തടസവാദം സമര്‍പ്പിക്കാനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചു. ബിജെപിയും നിയമനടപടിയുമായി മുന്നോട്ട് പോയി. ഇതിനിടെ തിരുവവനന്തപുരം സിജെഎം കോടതി കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ കേസ് പിന്‍വലിക്കുന്ന കാര്യം പ്രോസിക്യൂഷന് സര്‍ക്കാരിനെ അറിയിച്ചില്ല. കേസ് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച തടസവാദ ഹരജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. പ്രതികളായ എല്ലാ എം എം എല്‍ എ മാരോടും ഏപ്രില്‍ 21 ന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. എല്ലാവര്ക്കും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പ്രതിപക്ഷം തടസവാദ ഹരജി സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് പിന്‍വലിക്കാനുള്ള ഉത്തരവ് ഇറക്കിയിട്ടും കേസ് പിന്‍വലിക്കാനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. കെ എം മാണിയുടെ ബജറ്റവതരണം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന അക്രമത്തില്‍ 6 സി പി എം എം എല്‍ എ മാരെ പ്രതിചേര്ന്നാണ് കേസെടുത്തത്. മന്ത്രി കെ ടി ജലീല്‍, ഇ പി ജയരാജന്, വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന് എന്നിവരായിരുന്ന കേസിലെ പ്രതികള്‍.