അനധികൃത മണലെടുപ്പ്: ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി പുഴയെടുത്തു
|ആറോണ്‍ തുരുത്തില്‍ പട്ടികജാതിക്കാര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയാണ് അനധികൃത മണലെടുപ്പിനെ തുടര്‍ന്ന് കരയിടിഞ്ഞ് തീരുന്നത്.
മൂന്ന് പതിറ്റാണ്ട് മുന്‍പ് ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി പുഴയെടുത്ത് തീരുന്നു. കണ്ണൂര്‍ വളപട്ടണം പുഴയിലെ ആറോണ്‍ തുരുത്തില്‍ പട്ടികജാതിക്കാര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയാണ് അനധികൃത മണലെടുപ്പിനെ തുടര്‍ന്ന് കരയിടിഞ്ഞ് തീരുന്നത്.
ചിറക്കല്‍ വില്ലേജിലെ റീസര്‍വ്വെ നമ്പര്‍ 2-3ല്‍ പെട്ട ആറോണ്‍ തുരുത്തിലെ 11 ഏക്കര്‍ ഭൂമിയാണ് മൂന്ന് പതിറ്റാണ്ട് മുന്‍പ് സര്‍ക്കാര്‍ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിന് പതിച്ചു നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 25 സെന്റ് വീതം 30 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 10 സെന്റ് വീതം 35 പേര്‍ക്കുമാണ് ഭൂമി നല്‍കിയത്. ഭൂപരിഷ്ക്കരണ നിയമത്തെ തുടര്‍ന്ന് വ്യവസായിയായ സാമുവല്‍ ആറോണില്‍ നിന്ന് പിടിച്ചെടുത്താണ് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കിയത്.
1925 സെപ്തംബറില്‍ നടത്തിയ റീസര്‍വ്വെ പ്രകാരം തുരുത്തിന്റെ ആകെ വിസ്തീര്‍ണം 16.22 ഏക്കറാണ്. എന്നാല്‍ അനധികൃത മണലെടുപ്പിനെ തുടര്‍ന്ന് ഭൂമിയുടെ പകുതിയിലേറെ പുഴയെടുത്തു. ഇതോടെ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ പകുതിയും പുഴക്കടിയിലായി. സ്വന്തമായി ലഭിച്ച ഭൂമിയും ഒപ്പം വരുമാനവും നഷ്ടമായ ആദിവാസികള്‍ മണലെടുപ്പിനെതിരെ പരാതിയുമായി പലവട്ടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക രേഖകളില്‍ ഭൂമിയുടെ അവകാശികളായതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇനി ആനുകൂല്യങ്ങളും ലഭിക്കില്ല.