Kerala
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധിസോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി
Kerala

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

Sithara
|
17 May 2018 5:13 PM GMT

ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നല്‍കിയ കേസില്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എഴുനൂറ് രൂപ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ തിരിച്ച് നല്‍കണമെന്നാണ് വിധി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കതിരെ കോടതി വിധി. ബംഗളുരു അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി. ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിള നല്‍കിയ കേസില്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എഴുനൂറ് രൂപ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ തിരിച്ച് നല്‍കണമെന്നാണ് വിധി. കേസിലെ അഞ്ചാം പ്രതിയായ ഉമ്മന്‍ചാണ്ടിക്ക് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല

സോളാര്‍ പദ്ധതി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് വ്യവസായി എം കെ കുരുവിള 2015 മാര്‍ച്ച് 23നാണ് ബംഗളൂരു കോടതിയില്‍ റിക്കവറി പെറ്റിഷന്‍ നല്‍കിയത്. രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്. 1.61 കോടി രൂപയും 2015 മാര്‍ച്ച് 23 മുതല്‍ ഇന്നു വരെ 12 ശതമാനം പലിശയും കോടതി ചിലവും നല്‍കണമെന്നാണ് വിധി. കേസിലെ ആറു പ്രതികളും ചേര്‍ന്ന് ആറ് മാസത്തിനുള്ളില്‍ തുക എം കെ കുരുവിളയ്ക്ക് നല്‍കണം.

2011-12 വര്‍ഷത്തില്‍ ഡല്‍ഹിയിലെ കേരള ഹൌസിലും ബംഗളൂരുവിലും വച്ചാണ് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്ന് തുക കൈമാറുകയും ചെയ്തുവെന്നാണ് കുരുവിള നല്‍കിയ പരാതിയില്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിയെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബല്‍ജിത്ത്, കൊച്ചി കാക്കനാട്ടുള്ള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എംഡി ബിനു നായര്‍, ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്നു പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയായിരുന്നു പരാതി. ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥതയിലാണ് പണം കൈമാറിയതെന്നും കുരുവിളയുടെ പരാതിയില്‍ ഉണ്ട്.

ഉമ്മന്‍ചാണ്ടി രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്

സോളാര്‍ കേസിലെ ബംഗളൂരു കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. കോടതിവിധി ഉമ്മന്‍ചാണ്ടി തട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണ്. രമേശ് ചെന്നിത്തലയും വിഎം സുധീരനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Similar Posts