യുഡിഎഫിന്റെ മദ്യനയത്തെ തത്ക്കാലം എതിര്‍ക്കേണ്ടെന്ന് സിപിഎം തീരുമാനം
|മദ്യനിരോധത്തിനെതിരായ നിലപാടില്‍നിന്ന് സിപിഎം പിന്നോട്ട് പോകുന്നു. മദ്യവര്‍ജനം ഉയര്‍ത്തിയുളള പ്രചാരണം തിരിച്ചടിച്ചതോടെയാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം.
മദ്യനിരോധത്തിനെതിരായ നിലപാടില്‍നിന്ന് സിപിഎം പിന്നോട്ട് പോകുന്നു. മദ്യവര്‍ജനം ഉയര്‍ത്തിയുളള പ്രചാരണം തിരിച്ചടിച്ചതോടെയാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം.
മദ്യഉപഭോഗത്തില്‍ കുറവുവന്നിട്ടില്ലെന്ന കണക്കുകള്‍ സമര്‍ത്ഥിച്ചായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനിരോധത്തെ സിപിഎം എതിര്‍ത്തത്. എല്‍ഡിഎഫിന്റെ കരട് പ്രകടന പത്രികയില്‍ പോലും മദ്യനിരോധമല്ല വര്‍ജനമാണ് നയമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റതോടെ സര്‍ക്കാറിന്റെ മദ്യനയത്തെ പരോക്ഷമായെങ്കിലും സിപിഎമ്മിന് പിന്തുണക്കേണ്ടിവന്നിരിക്കുകയാണ്. മദ്യനിരോധത്തെ എതിർക്കുന്നത് ബാറുകാർക്ക് വേണ്ടിയാണെന്ന യുഡിഎഫ് ആരോപണമാണ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയത്.
മദ്യനയത്തെ എതിര്‍ത്തിരുന്നെങ്കിലും അടച്ച ബാറുകള്‍ തുറക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ഇതുവരെ പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരുപടികൂടി കടന്ന് യുഡിഎഫിന്റെ മദ്യനയത്തില്‍ ഒരു തിരുത്തും വരുത്തില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വ്യക്തമാക്കേണ്ടി വന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ അടച്ചിട്ട ബാറുകളെന്നും തുറക്കില്ലെന്ന പ്രതികരണവുമായി സംസ്ഥാന നേതൃത്വവും പിന്നാലെ വന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മദ്യനിരോധത്തിനെതിരെ എതിര്പ്പുയര്ത്തേണ്ടെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. പകരം ബാര്കോഴയുള്പ്പടെയുളളവ ചൂണ്ടിക്കാട്ടി മദ്യനയത്തിന് പിന്നിലെ അഴിമതിയെയായിരിക്കും ലക്ഷ്യം വെക്കുക.