തിരുവല്ല സീറ്റ്: പുതുശ്ശേരി ഖേദം പ്രകടിപ്പിച്ചു, പ്രശ്നം പരിഹരിച്ചെന്ന് പിജെ കുര്യന്
|തിരുവല്ലയില്‍ കഴിഞ്ഞ തവണ നടത്തിയ വിമത പ്രവര്‍ത്തനത്തെക്കുറിച്ച് പുതുശ്ശരി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെയാണ് പി ജെ കുര്യന് അയഞ്ഞത്...
തിരുവല്ല സീറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ പ്രശ്ന പരിഹാരമായതായി പി ജെ കുര്യന്. തിരുവല്ലയില്‍ കഴിഞ്ഞ തവണ നടത്തിയ വിമത പ്രവര്‍ത്തനത്തെക്കുറിച്ച് പുതുശ്ശരി യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചതോടെയാണ് പി ജെ കുര്യന് അയഞ്ഞത്. കെ എം മാണി നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചത് തൃപ്തികരമാണെന്നും. ജോസഫ് എം പുതുശ്ശേരിയെ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും പി ജെ കുര്യന് പ്രതികരിച്ചു.
തിരുവല്ല സീറ്റിനെച്ചൊല്ലി ഒരു മാസത്തോളമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഒടുവില്‍ തര്‍ക്ക പരിഹാര ഫോര്‍മുല ഉരുത്തിരിഞ്ഞത്. ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പി ജെ കുര്യന് രംഗത്തെത്തിയതോടെയണ് തിരുവല്ലയിലെ യുഡിഎഫില്‍ പ്രതിസന്ധി ഉടലെടുത്തത്. ഒടുവില്‍ പ്രശ്ന പരിഹാരത്തിനനായി കെ എം മാണി നേരിട്ടെത്തി ചര്‍ച്ചക്ക് നേതത്വം നല്കി.
കഴിഞ്ഞ തവണ താന്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കാതിരുന്നത് തെറ്റായിപ്പോയിയെന്ന് പുതുശ്ശേരി യോഗത്തെ അറിയിച്ചു. സീറ്റ് ലഭിക്കാഞ്ഞതിലുള്ള പ്രതിഷേധം കൊണ്ടാണ് ഇതുണ്ടായതെന്നും പുതുശ്ശേരി നിലപാടെടുത്തു. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്തും പുതുശ്ശേരി പിജെ കുര്യന് കൈമാറി. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പൂര്‍ണ പരിഹാരമായതായി പി ജെ കുര്യന് പ്രതികരിച്ചു.
തിരുവല്ലയില്‍ പുതുശ്ശേരിയുടെ വിജയം സുനിശ്ചിതമാണെന്ന് കെ എം മാണി പ്രതികരിച്ചു തിരുവല്ല യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നും. പുതുശ്ശേരി മികച്ച സ്ഥാനാര്‍ഥിയാണെന്നും കെ എം മാണിയും വ്യക്തമാക്കി. ജോസ് കെ മാണി എം പി, ജോയ് എബ്രഹാം എംപി എന്നിവരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും യോഗത്തിനെത്തിയിരുന്നു.
പി ജെ കുര്യന്റെ തിരുവല്ലയിലെ നേതൃതലത്തിലുള്ള അപ്രമാദിത്വം അരക്കിട്ട് ഉറപ്പിക്കാനുള്ള ശ്രമം വിജയിച്ചുവെന്നാണ് പിജെ കുര്യനെ അനുകൂലിക്കുന്നവരുടെ വിലയിരുത്തല്‍. തര്‍ക്കത്തെ തുടര്‍ന്ന് പ്രചരണ രംഗത്ത് സജീവമാകാന്‍ പുതുശ്ശേരിക്ക് കഴിഞ്ഞിരുന്നില്ല. പ്രശ്ന പരിഹാരമായതോടെ നാളെ യുഡിഎഫ് മണ്ഡലം കണ്വെന്ഷന് വിളിച്ച് ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.