ഉദയംപേരൂരിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് വിമതര്‍
|തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും പ്രാദേശിക നേതൃത്വവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും
ഉദയംപേരൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറാകുന്നില്ലെന്ന് വിമതവിഭാഗം. തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും പ്രാദേശിക നേതൃത്വവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും വിമതര്‍ വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന്റെ പ്രചരണത്തിന് വി എസ് അച്യുതാന്ദന് എത്തുന്നതോടെ വിഭാഗീയത തടയിടാനാകുമെന്നാണ് ജില്ലാ നേതൃത്വം
കരുതിയത്. എന്നാല്‍ സ്വരാജിന് വോട്ട് അഭ്യര്‍ത്ഥിച്ച് വി എസ് എത്തിയിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നാണ് വിമതവിഭാഗം പറയുന്നത്. ജില്ലാ നേതൃത്വം ഇതിന് മുന്‍കൈ എടുക്കാത്തതാണ് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.
ഉദയംപേരൂരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് വിമത വിഭാഗം നടത്തുന്നത്. അതുകൊണ്ടുതന്നെ വി എസ് വന്നത് സ്വരാജിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.
വിമത വിഭാഗം നിലവില്‍ സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പില്‍ ആശ്വാസമാണെങ്കിലും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജില്ലാ നേതൃത്വത്തിന് ഇത് തലവേദനയാകും.