ആറ് മാസത്തെ വീട്ടുതടങ്കലില്‍ നിന്നും മോചിതയായി ഹാദിയ
|കഴിഞ്ഞ മെയ് 24 നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കയക്കുന്നത്. വിവാഹത്തിന് മാതാപിതാക്കളുടെ..
ഹാദിയ സുപ്രീം കോടതിയില്‍ ഹാജരായത് ആറ് മാസം നീണ്ട വീട്ടുതടങ്കലിന് ശേഷം. കഴിഞ്ഞ മെയ് 24 നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കയക്കുന്നത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്വമില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ പിതാവ് അശോകന് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ 2016 ജനുവരി 25 നാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ആദ്യവിധി.
ഹാദിയയുടെ താല്പര്യപ്രകാരം മതപഠനത്തിന് അനുമതി നല്‍കികൊണ്ടായിരുന്നു വിധി. മഞ്ചേരിയിലെ സത്യസരണയിലായിരുന്നു മതപഠനം. എന്നാല്‍ ആഗസ്റ്റില്‍ വീണ്ടും പിതാവ് അശോകന് ഹൈക്കോടതിയെ സമീപിച്ചു. മത പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കാന്‍ തന്റെ മകളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേസിന്റെ വാദം നടക്കുന്നതിനിടെ ഡിസംമ്പര്‍ 19 ന് ഹാദിയയും ഷെഫിന് ജഹാനുമായുള്ള വിവാഹം നടന്നു. ഇക്കാര്യം പരിഗണിച്ച ഹൈക്കോടതി ഹാദിയയെ എറണാകുളത്തുള്ള സദനം ഹോസ്റ്റലിലേക്കയച്ചു. മൂന്ന് മാസം ഹോസ്റ്റലില്‍ താമസിച്ചു. 2017 മെയ് 24 ന്ഹാദിയയുടെ വിവാഹം റദ്ദാക്കികൊണ്ട് ഹരജിയില്‍ അന്തിമ വിധിയുണ്ടായി.
വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നും വിലയിരുത്തിയായിരുന്നു ഡിവിഷന് ബഞ്ചിന്റെ വിധി. ഹാദിയക്കും മാതാപിതാക്കൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും നിരന്തര നീരീക്ഷണമുണ്ടാകണമെന്നുംകോടതി നിര്‍ദേശം നല്കി. നിർബന്ധിച്ച് മതം മാറ്റിയത് സംബന്ധിച്ച് പെരിന്തൽമണ്ണ, ചേർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിൽ പിതാവ് നല്കിയ പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് ഡി.ജി.പിക്ക് കോടതി നിർദേശവും നൽകിയിരുന്നു. കോടതി വിധിക്ക് ശേഷം രണ്ട് ദിവസം ഹോസ്റ്റലില്‍ പാര്‍പ്പിച്ച ഹാദിയയെ പോലിസ് അകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു. പിന്നീട് സഞ്ചാരസ്വാതന്ത്യം വരെ നിഷേധിച്ച ഹാദിയയെ കാണാന്‍ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയെയും രാഹുല്‍ ഈശ്വരിനേയും കുമ്മനം രാജശേഖനേയും പോലെ ചുരുക്കം ചിലരെ മാത്രമേ പിതാവ് അനുവദിച്ചിരുന്നത്.