ജിഷ്ണു കേസ് സിബിഐക്ക്; അന്വേഷണം വൈകിപ്പിച്ചതില്‍ അതൃപ്തി
|കേസ് ഏറ്റെടുക്കുന്നതില്‍ സിബിഐ 5 മാസത്തെ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം കേസുകളിലെ അന്വേഷണം പെട്ടെന്ന് ആരംഭിക്കേണ്ടതാണെന്നും..
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്രം ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ സിബിഐ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഹര്‍ജികളും സുപ്രീംകോടതി തീര്‍പ്പാക്കി.
ജിഷ്ണുപ്രണോയ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ മഹിജയാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സിബിഐ തയ്യാറായിരുന്നില്ല. കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ ജോയന്‍റ് ഡയറക്ടറുടെ തീരുമാനത്തെ സംസ്ഥാനം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
കേസ് ഏറ്റെടുക്കുന്നതില്‍ സിബിഐ 5 മാസത്തെ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം കേസുകളിലെ അന്വേഷണം പെട്ടെന്ന് ആരംഭിക്കേണ്ടതാണെന്നും കാലതാമസം തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ ഹര്‍ജിയും കോടതി തീര്‍പ്പാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.