ട്രഷറികളില്‍ നിന്ന് പണം ലഭിക്കുന്നില്ല; തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് അവതാളത്തില്‍
|പൂര്‍ത്തിയായ പദ്ധതികളുടെ ബില്ലുകള്‍ മാറി കിട്ടാതായതോടെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാരുകാര്‍ മുന്നോട്ട് വരുന്നില്ല
ട്രഷറികളില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് അവതാളത്തില്‍. പൂര്‍ത്തിയായ പദ്ധതികളുടെ ബില്ലുകള്‍ മാറി കിട്ടാതായതോടെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാരുകാര്‍ മുന്നോട്ട് വരുന്നില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നൂറ് ദിവസം മാത്രം ബാക്കി നില്‍ക്കെ ട്രഷറികളിലെ പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
മാസങ്ങള്‍ മുന്‍പ് നല്‍കിയ ബില്ലുകള്‍ പൂര്‍ണ്ണമായും മാറി കിട്ടിയില്ലെന്ന കരാറുകാരുടെ പരാതി നില്‍ക്കെയെയാണ് പുതിയ പ്രതിസന്ധി. കഴിഞ്ഞ മാസം ആദ്യം മുതല്‍ ഇതുവരെ നല്‍കിയ എല്ലാ ബില്ലുകളും പാസ്സാക്കാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്. ബില്ലുകള്‍ മാറി കിട്ടാത്തതിന് പല കാരണങ്ങളാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിലര്‍ നിസാര തെറ്റുകള്‍ ചൂണ്ടിക്കാട്ടി ബില്ലുകള്‍ മടക്കുമ്പോള്‍ മറ്റ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി സോഫ്റ്റ് വെയര്‍ തകരാറാണെന്നാണ്. നിലവിലെ പദ്ധതികള്‍ക്ക് ഭേദഗതി വരുത്തണമെങ്കില്‍ അതിനുള്ള സമയമാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ കരാറുകാരുടെ പിന്‍വലിയല്‍ പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കിയതായി ജനപ്രതിനിധികള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പദ്ധതി ചെലവ് കുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.