Kerala
Kerala

പ്രതിരോധം കാര്യക്ഷമം; വയനാട്ടില്‍ പകര്‍ച്ചപ്പനി നിയന്ത്രണവിധേയം

Sithara
|
18 May 2018 6:23 PM GMT

എച്ച്1 എന്‍1 അടക്കമുള്ള പകര്‍ച്ചപ്പനികളൊന്നും വയനാടിനെ കാര്യമായി ബാധിച്ചിട്ടില്ല

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുമ്പോഴും വയനാടിന് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. എച്ച്1 എന്‍1 അടക്കമുള്ള പകര്‍ച്ചപ്പനികളൊന്നും വയനാടിനെ കാര്യമായി ബാധിച്ചിട്ടില്ല. പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ശക്തമാണ്.

സംസ്ഥാനത്ത് ഡങ്കിപ്പനിയും എച്ച്1 എന്‍ വണും പടരുമ്പോള്‍ വയനാട് ജില്ലയില്‍ പനി ഏറെക്കുറെ നിയന്ത്രണവിധേയമാണ്. വായുവിലൂടെ പകരുന്ന എച്ച് വണ്‍ എന്‍ വണിനെതിരെ ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം. ജില്ലയില്‍ ഈ വര്‍ഷം 363 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 42 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. 54 പേര്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധിതരില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന ശരാശരിയുടെ പകുതി മാത്രമാണ് ഇത്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടതില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

കൃത്യമായ സമയത്ത് തിരിച്ചറിയാതെ പോവുന്നതും മരുന്ന് കൊടുക്കാനുണ്ടാവുന്ന താമസവുമാണ് എച്ച് 1 എന്‍ 1 നെ അപകടകാരിയാക്കുന്നത്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്‍റ് ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചുമയും പനിയുമായെത്തുന്നവര്‍ പലപ്പോഴും എച്ച് 1 എന്‍ 1 പരിശോധനക്ക് വിധേയരാവാത്തത് രോഗം തിരിച്ചറിയാന്‍ കാലതാമസമുണ്ടാക്കാറുണ്ട്.

Related Tags :
Similar Posts