ഹാദിയയെ പിന്തുണച്ചും കോടതിയെ വിമര്‍ശിച്ചും ബൃന്ദ കാരാട്ട്
|ഹരിയാനയിലെ ഖാപ് പഞ്ചായത്തും ഹാദിയയുടെ സാഹചര്യവും തമ്മില്‍ വ്യത്യാസമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
ഹാദിയ കേസില്‍ കോടതിയെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഏത് കോടതി ആയാലും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ അവകാശം ഹനിക്കുന്നത് അംഗീകരിക്കാനാവില്ല. ഹരിയാനയിലെ ഖാപ് പഞ്ചായത്തും ഹാദിയയുടെ സാഹചര്യവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള വനിതാ കമ്മീഷന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശമുണ്ട്. ഹാദിയയെ വീട്ടില്‍ തടഞ്ഞുവെച്ചിരിക്കുന്നതിലൂടെ ഈ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഹാദിയക്ക് സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബൃന്ദ വ്യക്തമാക്കി.
ഏത് കോടതിയായാലും ജഡ്ജിയായാലും ഇത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീ ഒരു ഉപഭോഗ വസ്തുവല്ല. അവള്‍ക്ക് അവളുടെ അവകാശമുണ്ട്. ഒപ്പം അവളുടെ പങ്കാളിയെ തെരഞ്ഞെടുക്കാനും- ബൃന്ദ പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യവും രാജ്യസുരക്ഷയും കൂട്ടിക്കലര്‍ത്തരുത്. കോടതി ഇടപെടലിലൂടെയാണ് ഹാദിയ രക്ഷിതാക്കളുടെ തടവില്‍ കഴിയുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഹാദിയയുടെ കാര്യത്തില്‍ സുപ്രീംകോടതി ഇടപെടലുണ്ടാവാത്തത് നിര്‍ഭാഗ്യകരമാണെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.