സംഘര്‍ഷം, സമരത്തിന് പിന്തുണയുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍
|ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ ഭരണപക്ഷത്ത് നിന്ന് തന്നെ വിമര്‍ശം ഉയര്‍ന്നതും സര്‍ക്കാരിനെ സമവായ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചു.
ഗെയില്‍ വിരുദ്ധ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ ഭരണപക്ഷത്ത് നിന്ന് തന്നെ വിമര്‍ശം ഉയര്‍ന്നതും സര്‍ക്കാരിനെ സമവായ ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചു.
സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന നിലപാടിലായിരുന്നു സര്‍ക്കാരും സിപിഎമ്മും. എന്നാല്‍ ഈ വാദത്തെ തള്ളി സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വി എം സുധീരനും പി കെ കുഞ്ഞാലിക്കുട്ടിയും എരഞ്ഞിമാവിലെ സമര ഭൂമിയില്‍ എത്തിയായിരുന്നു സമരമുഖത്തുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെച്ചു. പിന്നാലെ തീവ്രവാദ ആരോപണത്തെ തള്ളി സമവായം വേണമെന്ന ആവശ്യവുമായി സിപിഐയും എത്തി.
ഇതോടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയെന്ന രാഷ്ട്രീയ നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. നഷ്ടപരിഹാരമായി കൂടുതല്‍ തുക ഇരകള്‍ക്ക് നല്‍കാമെന്ന നിലപാടാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുകയെന്നാണ് വിവരം.