സോളാര്‍ കമ്മീഷനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിപ്പിക്കും
|വസ്തുതാന്വേഷണം എന്നതിനപ്പുറം കുറ്റാന്വേഷണത്തിലേക്ക് കമ്മീഷന് കടന്നു, ടേംസ് ഓഫ് റഫറന്‍സ് സ്വയം വിപുലീകരിച്ചു, സാക്ഷികളല്ലാത്ത കക്ഷികളെ സ്വമേധയാ വിളിച്ചുവരുത്തി തുടങ്ങി കമ്മീഷന്റെ നിയമലംഘനങ്ങളുടെ പട്ടിക തയാറാക്കുകയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍
സോളാര്‍ കമ്മീഷന്റെ ആധികാരകതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കമ്മീഷന്റെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കമ്മീഷനും സര്‍ക്കാരും ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാക്കും. അന്വേഷണ സംഘത്തിന്റെ നടപടികള്‍ ചൊവ്വാഴ്ചക്ക് ശേഷമായിരിക്കും.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഒരു വോള്യത്തില്‍ ഒപ്പിടാത്ത വിഷയം ഗൌരവത്തില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ഓഫീസും കമ്മീഷനും ഒത്തുകളിച്ചെന്ന ആരോപണമാണ് ഇതിലൂടെ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ഇതുള്‍പ്പെടെ ഉന്നയിച്ച് കമ്മീഷന് റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിലുള്ളത്.
വസ്തുതാന്വേഷണം എന്നതിനപ്പുറം കുറ്റാന്വേഷണത്തിലേക്ക് കമ്മീഷന് കടന്നു, ടേംസ് ഓഫ് റഫറന്‍സ് സ്വയം വിപുലീകരിച്ചു, സാക്ഷികളല്ലാത്ത കക്ഷികളെ സ്വമേധയാ വിളിച്ചുവരുത്തി തുടങ്ങി കമ്മീഷന്റെ നിയമലംഘനങ്ങളുടെ പട്ടിക തയാറാക്കുകയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കൂടുതല്‍ നിയമോപദേശവും തേടുന്നുണ്ട്.
പാര്‍ട്ടിയും മുന്നണിയെന്ന നിലയിലും ആരോപണ വിധേയരും കോടതിയെ സമീപച്ചേക്കും. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണ നടപടികള്‍ ചൊവ്വാഴ്ച മുതലേ സജീവമാകൂ. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിജിപി രാജേഷ് ദിവാന് ചൊവ്വാഴ്ച്ച തലസ്ഥാനത്തെത്തുന്ന മുറയ്ക്ക് സംഘം യോഗം ചേരും. അന്വേഷണ സംഘത്തിന്റെ വിപുലീകരണവും അതോടൊപ്പം നടക്കും.