ശ്രീജിവിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഗവര്‍ണറെ കണ്ടു
|കേസ് സംബന്ധിച്ച എല്ലാ രേഖകളും കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി രമണി പ്രമീള പറഞ്ഞു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള ഗവര്‍ണറെ കണ്ടു. കേസ് സംബന്ധിച്ച എല്ലാ രേഖകളും കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി രമണി പ്രമീള പറഞ്ഞു. കേസില്‍ ഇടപെടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗവര്‍ണറെ കണ്ട ശ്രീജിത്തിന്‍റെ അമ്മയോട് ഇതുസംബന്ധിച്ച എല്ലാ രേഖകളും കൈമാറാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇന്ന് വീണ്ടും ശ്രീജിത്തിന്‍റെ അമ്മ രമണി പ്രമീളയും സുഹൃത്തുക്കളും രേഖകളുമായി രാജ്ഭവനിലെത്തിയത്. രേഖകള്‍ കേന്ദ്രസര്‍ക്കാരിന് ഉടന്‍ നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം അമ്മ പറഞ്ഞു.
ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കുന്നതിനായി സർക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 768 ആം ദിവസവും തുടരുകയാണ്. സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.