വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്
|ഇല്ലാത്ത ശാഖകളുടെ പേരില്‍ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും കേസ്. ഇല്ലാത്ത ശാഖകളുടെ പേരില്‍ പതിനഞ്ച് ലക്ഷം രൂപ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി. റാന്നി സ്വദേശിയും എസ്‍എന്‍ഡിപി യൂണിയന്‍ മുന്‍ അംഗവുമായ പി.എസ് സുരേഷ് കുമാറിന്റെ പരാതിയിന്മേല്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയും എസ്എന്‍ഡിപി യോഗം റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.വസന്തകുമാറിനെ രണ്ടാപ്രതിയുമാക്കി റാന്നി പൊലീസ് കേസെടുത്തു.
റാന്നി എസ്എന്‍ഡിപി യൂണിയന്‍ 2013-2015 കാലയളവില്‍ പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ ലഭ്യമാക്കുന്നതിനു വേണ്ടി റാന്നി താലൂക്ക് യുണിയനില്‍ നിന്ന് പിന്നോക്ക വികസന കോര്‍പറേഷനില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമായി നിര്‍മിച്ചവയാണെന്ന് പരാതിയില്‍ പറയുന്നു.
വായ്പയ്ക്കായി ഹാജരാക്കിയ വ്യാജമായി നിര്‍മിച്ച ഗുണഭോക്താക്കളുടെ ഫോട്ടോ സഹിതമുള്ള അപേക്ഷകളുടെ പകര്‍പ്പും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വായ്പയായി ലഭിച്ച പതിനഞ്ച് ലക്ഷം രൂപയില്‍ ഒരു രൂപപോലും റാന്നി താലൂക്ക് യൂണിയനു കീഴിലെ മൈക്രോഫിനാന്‍സ് യൂണിറ്റുകള്‍ക്ക് ലഭിച്ചിട്ടില്ല. വായ്പ തുക മുഴുവന് എസ്എന്‍ഡിപി യോഗം റാന്നി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ വസന്തകുമാരും സെക്രട്ടറി പിഎന്‍ സന്തോഷ്കുമാറും ചേര്‍ന്ന് കൈവശപ്പെടുത്തി. റാന്നി താലൂക്ക് യൂണിയന്റെ പേരില്‍ രജിസ്ട്രേഷനില്ലാത്ത അനധികൃത ട്രസ്റ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയിന്മേല്‍ പ്രഥമീക അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് റാന്നി പോലീസ് അറിയിച്ചു.
വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയുള്ള വിജിലന്‍സ് എഫഐറില്‍ ചുത്തിയിരിക്കുന്ന ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ പുതിയ പരാതിയിന്മേലും ചുമത്താനാകുമെന്നാണ് വിലയിരുത്തല്‍.