പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചു; വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
|ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രധാനധ്യാപിക മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. സംഭവമുണ്ടായിട്ടും സ്കൂള്‍ അധികൃതര്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടല്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
മൂവാറ്റുപുഴ വാഴക്കുളം ഗവ. ഹയര്‍സെക്കഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് 80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നതിങ്ങനെ. പരീക്ഷക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് അറിയാന്‍ അധ്യാപകര്‍ കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചു. മകളുടെ ബാഗില്‍ നിന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനധ്യാപിക പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിച്ച് മോശമായ പദപ്രയോഗം നടത്തിയെന്നാണ് പരാതി. മറ്റ് അധ്യാപകര്‍ക്കു മുന്പില് വച്ചാണ് അപമാനിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതില്‍ മനംനൊന്ത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. കഥയും കവിതയുമൊക്കെ എഴുതാറുള്ള പെണ്‍കുട്ടി മറ്റുള്ളവരുടെ ജിവിത സാഹചര്യങ്ങളാസ്പദമാക്കി എഴുതിയ കവിത സ്കൂള്‍ മാഗസിനില്‍ അച്ചടിച്ചുവന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.
സംഭവത്തെപ്പറ്റി പെണ്‍കുട്ടി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിനു മൊഴി നല്കി. പ്രധാനധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ പ്രധാനധ്യാപികയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.