ഇഞ്ചിപ്പാടങ്ങളില്‍ തളിക്കുന്നത് മാരക കീടനാശിനി
|പരാതി നല്‍കിയിട്ടും നടപടിയില്ല; വര്‍ഷങ്ങളുടെ ദുരിതവുമായി പ്രദേശവാസികള്‍
പാലക്കാട് ജില്ലയിലെ കൃഷിയിടങ്ങളില്‍ വ്യാപകമായി മാരക കീടനാശിനി പ്രയോഗം. കൊല്ലങ്കോട്ടെ ഇഞ്ചിപ്പാടങ്ങളില്‍ കീടനാശിനി തളിക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ. കീടനാശിനി തളിക്കുന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തീരാദുരിതത്തിലാണ് പ്രദേശത്തുകാര്‍. കൃഷി വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൊല്ലങ്കോട് ചീരണിയിലെ പതിനെട്ട് ഏക്കറോളം വരുന്ന ഇഞ്ചിപ്പാടത്ത് ഞങ്ങളെത്തുമ്പോള്‍ കീടനാശിനി തളിക്കുന്ന കാഴ്ചയാണ് കണ്ടത്. രാവിലെ മുതല്‍ തുടങ്ങിയ കീടനാശിനി തളിക്കല്‍ മണിക്കൂറുകളോളം നീളും. കീടനാശിനി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതോടെ തുടങ്ങും പ്രദേശത്തുകാരുടെ ദുരിതം. ചൊറിച്ചിലും അലര്‍ജിയും. ശ്വസിക്കാനും ബുദ്ധിമുട്ടും.
പല വീടുകളിലെയും കിണര്‍വെള്ളം കീടനാശിനി കലര്‍ന്നതിനെ തുടര്‍ന്ന് കുടിക്കാന്‍ പറ്റാതായി. ജനിതക വൈകല്യമുള്ള കുട്ടികളുമുള്ള കുട്ടികളും പ്രദേശത്തുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി കീടനാശിനി പ്രയോഗം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ തുടരുകയാണ്
നിരോധിത കീടനാശിനികള്‍ പല ബ്രാന്‍ഡ് നെയിമുകളിലുമെത്തുന്നതിനാല് ഏത് കീടനാശിനിയാണെന്ന് തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. എച്ച്സിഎല്‍ സ്വീപ് എന്ന കീടനാശിനിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ അളവിലെടുത്ത് ടിന്നുകളില്‍ കലക്കിയാണ് ഇവ പാടത്തെത്തിക്കുക.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെയാണ് കേരളത്തിലേക്ക് കീടനാശിനികളെത്തുന്നത്. കൊഴിഞ്ഞാംപാറയില്‍ കഴിഞ്ഞ ദിവസം ഒന്നരക്കോടി രൂപയുടെ കീടനാശിനികളാണ് പൊലീസ് പിടികൂടിയത്.