Kerala
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്‍റെ മറുപടിഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്‍റെ മറുപടി
Kerala

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്‍റെ മറുപടി

Sithara
|
19 May 2018 12:42 PM GMT

ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ട്. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണെന്ന് കാനം

കോടിയേരി ബാലകൃഷ്ണന്‍റെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ തൊട്ടുപിന്നാലെ രംഗത്ത് വന്നു. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടെന്ന് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് ശേഷവും ചാണ്ടി മന്ത്രിസ്ഥാനത്ത് ഇരുന്നതാണ് യുഡിഎഫിന് പിടിവള്ളിയായതെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും തുറന്നടിച്ചു.

സര്‍ക്കാരിനെതിരെ കോടതിയില്‍ പോയ ആളിനെ മന്ത്രിസഭയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും അത് കൊണ്ടാണ് സിപിഐ എതിര്‍ത്തതെന്നും പ്രകാശ് ബാബു പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിരുന്നില്ല. രാജിയുടെ ക്രെഡിറ്റ് സിപിഐക്ക് വേണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. എജിയുടെ നിയമോപദേശം ലഭിച്ച വിവരം ഈ നിമിഷം വരെ റവന്യൂമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും പ്രകാശ്ബാബു കുറ്റപ്പെടുത്തി.

അതിനിടെയാണ് മുഖ്യമന്ത്രിക്ക് പരോക്ഷ വിമര്‍ശവുമായി കാനം രാജേന്ദ്രനും രംഗത്ത് വന്നത്. തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു‍. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണ്. കോടിയേരിയുടെ വിമര്‍ശങ്ങള്‍ക്കുള്ള കൂടുതല്‍ മറുപടി നാട്ടില്‍ വന്നശേഷം നല്‍കുമെന്നും കാനം ഖത്തറില്‍ മീഡിയവണിനോട് പറഞ്ഞു.

Similar Posts