നീലവസന്തം കാണാന്‍ 8 ലക്ഷം പേരെത്തിയേക്കും
|അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പ്രതീക്ഷിക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ എട്ട് ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി കെ രാജു.
അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പ്രതീക്ഷിക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ എട്ട് ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി കെ രാജു. നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് സൌകര്യങ്ങളൊരുക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനം വനംവകുപ്പ് നടത്തിവരികയാണെന്നും മന്ത്രി മൂന്നാറില്‍ വ്യക്തമാക്കി.
ഒരു വ്യാഴവട്ടക്കാലത്തെ നീലക്കുറിഞ്ഞി വസന്തത്തിന് കാഴ്ചക്കാര്‍ ഒഴുകിയെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. 2018 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം. സമൂഹ മാധ്യമങ്ങളുടെ വരവിന് ശേഷമുള്ള ആദ്യ നീലക്കുറിഞ്ഞി കാലമായതിനാല്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ മൂന്നാറിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ വനംവകുപ്പ് ആരംഭിച്ചതായി മന്ത്രി കെ രാജു പറഞ്ഞു.
ഇരവികുളം ദേശീയ പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള വാഹനത്തിന്‍റെ എണ്ണം ഏഴില്‍ നിന്ന് 12 ആക്കും. സന്ദര്‍ശന സമയം രണ്ട് മണിക്കൂര്‍ വര്‍ധിപ്പിക്കും. ഒപ്പം മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മൂന്നാറിന് മുമ്പായി പാര്‍ക്കിംഗ് സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ഭൂമിയും സ്വകാര്യഭൂമിയും കണ്ടെത്തും. 50 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനാക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി.
ദുരന്തനിവാരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വേണ്ട സംവിധാനങ്ങളൊരുക്കുന്നതിന് വരും മാസങ്ങളില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരാനും തീരുമാനമായി.