സംസ്ഥാനത്ത് തേങ്ങയുടെ വില വീണ്ടും ഇടിഞ്ഞു
|10 ദിവസത്തിനിടെ കിലോക്ക് കുറഞ്ഞത് 17 രൂപയാണ്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നാല് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
സംസ്ഥാനത്ത് തേങ്ങയുടെ വില വീണ്ടും കൂപ്പുകുത്തുന്നു. 10 ദിവസത്തിനിടെ കിലോക്ക് കുറഞ്ഞത് 17 രൂപയാണ്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നാല് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. അന്യ സംസ്ഥാന ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
കൃഷിഭവനുകള്‍ വഴിയുളള പച്ചത്തേങ്ങാ സംഭരണത്തില്‍ അപാകതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി അവസാനിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 26ന് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക, വിപണന സഹകരണ സംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കാന്‍ നിര്‍ദ്ദേശിച്ച് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉത്തരവിറക്കി. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കണ്ട കൃഷി വകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെ കിലോയ്ക്ക് 47 രൂപ ഉണ്ടായിരുന്ന തേങ്ങയുടെ വില 10 ദിവസത്തിനിടെ 30 രൂപയായി കുറഞ്ഞു. ഇതിന് പിന്നില്‍ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുളള ചില ലോബികളുടെ ഇടപെടലാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു
നാളികേരത്തിന്‍റെ വില കുറഞ്ഞിട്ടും പക്ഷെ വെളിച്ചെണ്ണ വില ഇപ്പോഴും 200 രൂപക്ക് മുകളിലാണ്. കേരളത്തില്‍ നിന്നുളള നാളികേരം സംഭരിക്കുന്ന ഇതര സംസ്ഥാന ലോബിയാണ് കേരളത്തിലേക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നടപ്പിലായാല്‍ അന്യസംസ്ഥാന ലോബിയുടെ ഇടപെടല്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.