Kerala
കൊച്ചിയില്‍ ആശങ്ക പരത്തി അമോണിയം വാതക ചോര്‍ച്ചകൊച്ചിയില്‍ ആശങ്ക പരത്തി അമോണിയം വാതക ചോര്‍ച്ച
Kerala

കൊച്ചിയില്‍ ആശങ്ക പരത്തി അമോണിയം വാതക ചോര്‍ച്ച

admin
|
19 May 2018 9:56 AM GMT

പ്രദേശവാസികളുടെ ജീവിതം സാധാരണ ഗതിയിലായി. സ്ഥലത്ത് നിന്നും ഒഴിപ്പിച്ച ആളുകള്‍ വീടുകളില്‍ എത്തി.

എറണാകുളം ചമ്പക്കര കായലില്‍ ബാര്‍ജില്‍ നിന്നും ചോര്‍ന്ന അമോണിയം വാതകത്തിന്റെ ചോര്‍ച്ച അടച്ചു. പ്രദേശവാസികളുടെ ജീവിതം സാധാരണ ഗതിയിലായി. സ്ഥലത്ത് നിന്നും ഒഴിപ്പിച്ച ആളുകള്‍ വീടുകളില്‍ എത്തി.

കൊച്ചി എരൂരിന് സമീപം അമോണിയ വാതകം ചോര്‍ന്നത് ആശങ്ക പരത്തിയിരുന്നു. എഫ്എസിടിയിലേക്ക് ജലമാര്‍ഗ്ഗം ബാര്‍ജ്ജില്‍ കൊണ്ടുപോയ അമോണിയയാണ് ചോര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അര്‍ദ്ധ രാത്രി പന്ത്രണ്ടരക്ക് ശേഷമാണ് ബാര്‍ജിലെ വാല്‍വ് അടച്ചു. ബാര്‍ജ് എരൂര്‍ കുന്നറ ഭാഗത്ത് അടുപ്പിച്ചതിന് ശേഷമാണ് ചോര്‍ച്ച അടച്ചത്.

32 ടണ്‍ വീതം ഉള്‍ക്കൊള്ളുന്ന 3 അമോണിയ ടാങ്കുകളാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നിനാണ് ചോര്‍ച്ച ഉണ്ടായത്. നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് എഫ്എസിടിയില്‍ നിന്നും ബിപിസിഎല്‍ നിന്നും വിദഗ്ധരെത്തി. ജില്ലാ കളക്ടര്‍ എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് രാത്രി തന്നെ ബാര്‍ജ് ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് കൊണ്ടു പോയി.

ശ്വാസതടസ്സമടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട പ്രദേശവാസികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്തെ 250 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എരൂര്‍ നായര്‍ സമാജം കമ്യൂണിറ്റി ഹാളിലും അടുത്തുള്ള ബോയ്സ് സ്കൂളിലേക്കുമാണ് ഇവരെ മാറ്റിയത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ബോധക്ഷയം ഉണ്ടായ രണ്ട് അഗ്നി ശമന സേനാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി പൊലീസ് തന്നെ വാഹനങ്ങളില്‍ ഇവരെ വീടുകളില്‍ എത്തിച്ചു. ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടിയവര്‍ രാവിലെയാണ് സ്വന്തം വീടുകളിലേക്ക് എത്തിയത്. തൃപ്പുണിത്തുറ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ ട്രസ്റ്റിലുമായി അഡ്മിറ്റ് ചെയ്തവരും രാവിലെ തന്നെ ആശുപത്രി വിട്ടു.

Similar Posts