സ്വര്‍ണക്കടത്ത് കേസില്‍ കോഴവാഗ്ദാനം: ജസ്റ്റിസ് ശങ്കരന്റെ മൊഴിയെടുക്കാന്‍ അനുമതി തേടി
|അനുമതി നല്‍കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് എസ്‍പി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു.
സ്വര്‍ണകടത്ത് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന് കോഴ വാഗ്ദാനം ചെയ്തു. സംഭവത്തില്‍ ജഡ്ജിയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് വിജിലന്‍സ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി രജിസ്ട്രാര്‍ വഴിയാണ് അനുമതി തേടിയത്.
കഴിഞ്ഞ ജൂണ്‍ ആറിനാണ് നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കേസ് പരിഗണിക്കുന്ന ജഡ്ജി കെ ടി ശങ്കരന്‍ പ്രതികളിലൊരാളുടെ അനുയായി തനിക്ക് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത കാര്യം തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത്.
ജസ്റ്റിസ് ശങ്കരന്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടെ മൊഴി നേരത്തെ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ ജനറലിന്റെ അഭിപ്രായവും വിജിലന്‍സ് തേടിയിരുന്നു. തുറന്ന കോടതിയില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാക്കേണ്ടെന്നായിരുന്നു ജസ്റ്റിസ് കെ ടി ശങ്കരന്റെ നിലപാട്. പരാതി നല്‍കാനും ജസ്റ്റിസ് തയ്യാറായില്ല. ഇതോടെയാണ് നേരിട്ട് മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം എറണാകുളം സ്പെഷല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തുന്നത്.