മെത്രാന്‍ കായലില്‍ കൃഷി ഇറക്കല്‍ സര്‍ക്കാരിന് വെല്ലുവിളി
|ഡാറ്റാ ബാങ്കില്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് പ്രധാന പ്രശ്നം
കുമരകത്തെ മെത്രാന്‍ കായലില്‍ സര്‍ക്കാര്‍ ഉടനടി കൃഷിയിറക്കാന്‍ തയ്യാറെടുക്കുമ്പോഴും അതിനായുള്ള കടമ്പകള്‍ വലുതാണ്. ഡാറ്റാ ബാങ്കില്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് പ്രധാന പ്രശ്നം. പാടശേഖരത്തിന്റെ ഉടമസ്ഥരായ കമ്പനി കായല്‍ നികത്താന്‍ വീണ്ടും അനുമതി തേടിയതും സര്‍ക്കാരിന് വെല്ലുവിളിയാകും.
420 ഏക്കറോളം പാടശഖരമാണ് കുമരകം പഞ്ചായത്തിലെ മെത്രാന്‍ കായലിലുള്ളത്. എന്നാല്‍ 320 ഏക്കര്‍ മാത്രമാണ് സര്‍ക്കാരിന്റെ കണക്കിലുള്ളതും. ഇതില്‍ 1.5 ഹെക്ടര്‍ കരഭൂമിയും 167 ഏക്കര്‍ കൃഷി ഭൂമിയായുള്ളത്. കൃഷി യോഗ്യമായ ഭൂമി കണ്ടെത്തുന്നതിന് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഡാറ്റാ ബാങ്ക് സംവിധാനത്തില്‍ 55 ഏക്കറിലേറെ വരുന്ന മെത്രന്‍ കായലിലെ സര്‍ക്കാര്‍ ഭൂമിയെപ്പറ്റി വ്യക്തതയില്ല. ഡാറ്റാ ബാങ്കിന്റെ പിഴവുകള്‍ തിരുത്തി വ്യക്തതയുണ്ടാക്കേണ്ടത് പ്രധാന കടമ്പ തന്നെ.
ദുബായ് ആസ്ഥാനമായുള്ള റാക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും അതില്‍ ഓഹരിയുള്ള 14 ഉപസ്ഥാപനങ്ങളുടെയും പക്കല്‍ 378 ഏക്കര്‍ പാടശേഖരമാണ് മെത്രാന്‍ കായലിലുള്ളത്. കൃഷിയിറക്കാന്‍ തയ്യാറല്ലെന്നു കാട്ടി കമ്പനി ഭൂമി സര്‍ക്കാരിന് വിട്ടുനല്കിയാല്‍ മാത്രമേ സര്‍ക്കാരിന് കൃഷിയിറക്കാന്‍ കാര്യങ്ങള്‍ എളുപ്പമാകുകയുള്ളൂ.. അതേസമയം റാക്കിന്‍ഡോ കമ്പനി മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി തേടി വീണ്ടും റവന്യൂ വകുപ്പിന് കഴിഞ്ഞ ദിവസം അപേക്ഷ നല്കി. പരിസ്ഥിതി ഔഹൃദ ടൂറിസം വില്ലേജ് പദ്ധതിക്കായി സ്ഥലത്ത് പുറം ബണ്ട് നിര്‍മ്മിക്കാനും വെള്ളം വറ്റിക്കാനുമാണ് അപേക്ഷ നല്കിയത്. സ്വാഭാവികമായും ഇത് നിയമക്കുരുക്കിലേക്ക് വഴി തെളിക്കും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വിഷയത്തില്‍ പഴുതുകള്‍ അടച്ച് നീങ്ങിയാല്‍ മാത്രമേ എട്ടുവര്‍ഷത്തിനുശേഷം മെത്രാന്‍ കായലില്‍ കൃഷി ഇറങ്ങൂ.