കൊച്ചി ജലമെട്രോയുടെ നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിച്ചു
|കെഎംആര്‍എല്ലിന്റെ മേല്‍നോട്ടത്തില്‍ 747 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്
കൊച്ചി ജലമെട്രോയുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കെഎംആര്‍എല്ലിന്റെ മേല്‍നോട്ടത്തില്‍ 747 കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ആദ്യത്ത ജലമെട്രോ പദ്ധതിയില്‍ അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ബോട്ടുകളും ജെട്ടികളും ഉണ്ടാകും.
കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായിട്ടാണ് കൊച്ചി ജലമെട്രോ പദ്ധതി കെഎംആര്‍എല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജലമെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് കണക്ക്കൂട്ടല്‍. 4 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക്, 747 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നു. 580 കോടി രൂപ ജര്‍മ്മന്‍ കമ്പനിയായ കെഎഫ്ഡബ്ല്യൂ വായ്പ നല്‍കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജലമെട്രോ ആഗോള ശ്രദ്ധ പിടിച്ച് പറ്റുമെന്ന് പ്രവര്‍ത്തനോത്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
38 ജെട്ടികളും ഇവിടേയ്ക്ക് എത്തുന്ന റോഡുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. അത്യാധുനിക സൌകര്യങ്ങളോടെ അതിവേഗം സഞ്ചരിക്കുന്ന 78 ബോട്ടുകളാണ് സര്‍വ്വീസ് നടത്തുക. കൂടാതെ ഒറ്റ ടിക്കറ്റില്‍ മെട്രോയിലും, ജലമെട്രോയിലും ബസ്സിലും യാത്ര ചെയ്യാനുള്ള സൌകര്യവും ഉണ്ടാകും. കൊച്ചിയിലെ കോതാട് നടന്ന പ്രവര്‍ത്തനോത്ഘാടന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി എ.കെ ശശിധരനും കെഎംആര്‍എല്‍ പ്രതിനിധികളും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.