പരാതി നല്‍കാനെത്തിയ വീട്ടമ്മ അടക്കം നാല് പേരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
|വീട്ടമ്മയും ബസ്സ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം
കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ അടക്കം നാല് പേരെ മര്‍ദ്ദിച്ചതായി പരാതി. വീട്ടമ്മയും ബസ്സ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സ്വകാര്യ ബസ്സിലെ കണ്ടക്ടറും ചേവായൂര്‍ സ്വദേശിനി പുഷ്പയും തമ്മില്‍ ചില്ലറയെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പുഷ്പയെ വഴിയില്‍ ഇറക്കിവിടുകയും ചെയ്തിരുന്നു. പുഷ്പയുടെ ബന്ധുക്കള്‍ എന്‍ജിഒ കോര്‍ട്ടേഴ്സിനു സമീപം ബസ്സ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടു. ചേവായൂര്‍ സ്റ്റേഷനില്‍ വെച്ച് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ പുഷ്പയെയും മകന്‍ മനുപ്രസാദിനെയും പോലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. പുഷ്പയുടെ ബന്ധു പ്രിന്‍റു, നാട്ടുകാരനായ അഫ്ലഹ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. നാലു പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം പോലീസുകാരെ മര്‍ദ്ദിച്ചതിന് മനുപ്രസാദ്, പ്രിന്‍റു, അഫ്ലഹ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.