വിഴിഞ്ഞത്ത് തറക്കല്ലിട്ടിട്ട് ഒരു വര്‍ഷം; നിര്‍മാണം അതിവേഗം
|1000 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം പാലിക്കാന്‍ അദാനി ഗ്രൂപ്പ് അതിവേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ല് ഇട്ടിട്ട് ഒരു വര്‍ഷം. 1000 ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം പാലിക്കാന്‍ അദാനി ഗ്രൂപ്പ് അതിവേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആശങ്കകളും വിവാദങ്ങളും അവസാനിച്ചതിനാല്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മീഡിയവണിനോട് പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ ആരംഭിച്ചതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ചർച്ചകൾ. പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കോടതികളിലും ദേശീയ ഹരിത ട്രൈബ്യൂണലിലും എത്തിയതോടെ കഴിഞ്ഞ ആഗസ്റ്റ് വരെ വിഴിഞ്ഞം തുറമുഖം വെറും സ്വപ്നം മാത്രമായിരുന്നു.
2015 ആഗസ്റ്റില്‍ കരാറൊപ്പിട്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് ഡിസംബര്‍ 05-നാണ്. തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് വിട്ടുനിന്നതും ഭരണത്തില്‍ എത്തിയപ്പോള്‍ പദ്ധതിയെ പിന്തുണച്ചതും രാഷ്ട്രീയ വിവാദമായിരുന്നു. അതിവേഗത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
7525 കോടിയാണ് ചിലവ്. 2454 കോടി അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. 4253 കോടിയാണ് സംസ്ഥാനം മുടക്കുക. 817 കോടി രൂപ കേന്ദ്രം ഗ്രാന്റായി നല്‍കും. ലോകത്തിലെ ഏറ്റവും വലിയ കപ്പലിന് വരെ നങ്കൂരമിടാവുന്ന രീതിയിലാണ് നിര്‍മ്മാണം. ആദ്യഘട്ടത്തില്‍ 10 ലക്ഷവും രണ്ടാം ഘട്ടത്തില്‍ 20 ലക്ഷവും അവസാന ഘട്ടത്തില്‍ 30 ലക്ഷവും കണ്ടയ്നറുകള്‍ വിഴിഞ്ഞത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.