സി കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി?
|ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാന്‍ സാധ്യത.
ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ ജാനു എന്‍ഡിഎയിലേക്കെന്ന് സൂചന. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ സി കെ ജാനു ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ജാനു തന്നെ ഇത് നിഷേധിക്കുകയും ജനാധിപത്യ ഊര് വികസന മുന്നണി ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് ബിഡിജെഎസും ബിജെപിയുമായി പലതവണ ചര്‍ച്ചകള്‍ നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാരത്തോണ്‍ ചര്‍ച്ചകള്‍ പലയിടങ്ങളിലായി തുടരുകയാണ്.
സി. കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സന്നദ്ധരാണെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലം സികെ ജാനുവിന് വേണ്ടി ഒഴിച്ചിടുകയായിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ സജീവമായത്. സ്ഥാനാര്‍ത്ഥിത്വം ബിജെപി നേതൃത്വം സ്ഥിരീകരിക്കുമ്പോഴും സി.കെ ജാനു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.