കൊച്ചി മെട്രോ നിർമ്മാണ കരാറുകാര്‍ക്ക് ഇ ശ്രീധരന്‍റെ രൂക്ഷ വിമർശം
|കരാറുകാരുടെ നിലപാട് കാരണമാണ് കൊച്ചി മെട്രോ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി
കൊച്ചി മെട്രോയുടെ നിർമ്മാണ കരാറുകാർക്ക് ഇ ശ്രീധരന്‍റെ രൂക്ഷവിമർശം. കരാറുകാരുടെ നിലപാട് കാരണമാണ് കൊച്ചി മെട്രോ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. കരാറുകാര്‍ക്ക് സത്യസന്ധതയാണ് ആവശ്യമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഏറ്റെടുത്ത കൊച്ചി മെട്രൊയുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിക്കാൻ കഴിയാത്തതിന്‍റെ കാരണങ്ങളിൽ പ്രധാനം കരാറുകാരുടെ നിലപാടാണെന്നായിരുന്നു ഇ ശ്രീധരന്‍റെ പ്രധാന ആരോപണം. നിർമ്മാണം ഏറ്റെടുത്ത എൽ & ടി അടക്കമുള്ളവർ നിർമ്മാണ പ്രവർത്തനത്തിൽ വീഴ്ച വരുത്തി. കരാർ കിട്ടാൻ തുക കുറച്ച് ക്വാട്ട് ചെയ്യുന്ന പ്രവണത ശരിയല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഡൽഹി മെട്രോ മാത്രമാണ് നിർമ്മാണ കരാർ പാലിച്ചത്. മുംബൈ മെട്രൊയുടെ നിർമാണത്തിലും കരാറുകാർ വീഴ്ച വരുത്തി. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്ന കരാറുകാരുടെ നിർമാണത്തിന് അന്താരാഷ്ട്ര നിലവാരമില്ലെന്നും ശ്രീധരൻ വിമർശിച്ചു. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ കൊച്ചി സെന്‍ററിന്‍റെ ഇൻസ്റ്റലേഷൻ നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇ ശ്രീധരന്‍റെ പരാമർശങ്ങൾ.