സെന്‍കുമാര്‍ കേസില്‍ പുനപരിശോധനാ സാധ്യത തേടി സര്‍ക്കാര്‍
|സുപ്രിം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടി.
സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങി നാല് ദിവസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി പി സെന്‍കുമാറിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയില്ല. നിയമ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി പുനപരിശോധനക്കുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍. ഇതിനായി സുപ്രിം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടി.
സെന്‍കുമാര്‍ കേസില്‍ പുനപരിശോധന ഹരജിക്ക് സാധ്യതയില്ലെന്ന് നിയമ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടിയിരിക്കുന്നത്. പുനപരിശോധന ഹരജിയോ അല്ലെങ്കില്‍ വിധിയില്‍ വ്യക്തതയോ തേടിക്കൊണ്ടുളള അപേക്ഷ നല്‍കുന്നതിന്‍റെ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്നതാണ് സാല്‍വേയില്‍ നിന്ന് തേടിയിരിക്കുന്നത്. സാല്‍വേയുടെ ഉപദേശത്തിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതോടെ സെന്‍കുമാറിന്‍റെ നിയമനം വൈകുമെന്ന് ഉറപ്പായി.
ഇതിന് പുറമെ സെന്‍കുമാറിനെ ഡിജിപിയാക്കിയാല്‍ ലോക്നാഥ് ബെഹ്റക്ക് നല്‍കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. വിജിലന്‍സ് മേധാവിയായ ജേക്കബ് തോമസിന്‍റെ അവധി നീട്ടി പ്രശ്നം പരിഹരിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിന് ജേക്കബ് തോമസ് വഴങ്ങിയിട്ടില്ലെന്നാണ് വിവരം. സെന്‍കുമാര്‍ വിരമിക്കുന്നത് വരെ ബെഹ്റ അവധിയില്‍ പോകട്ടെയെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയതെന്നും സൂചനയുണ്ട്. അതിനിടെ, നിയമനം നീണ്ടുപോയാല്‍ സെന്‍കുമാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ കോടതിയുടെ ഭാഗത്ത് നിന്ന് സര്‍ക്കാരിന് വലിയ വിമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊഴിവാക്കാന്‍ തിടുക്കത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല.