Kerala
സ്വാശ്രയ പ്രവേശം; പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിസ്വാശ്രയ പ്രവേശം; പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി
Kerala

സ്വാശ്രയ പ്രവേശം; പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി

Jaisy
|
20 May 2018 3:36 AM GMT

സ്വകാര്യ കോളേജുകളുമായി കരാറുണ്ടാക്കാം എന്നതടക്കമുള്ള വകുപ്പുകളാണ് റദ്ദാക്കിയത്

സ്വാശ്രയ പ്രവേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ കോളേജുകളുമായി കരാറുണ്ടാക്കാം എന്നതടക്കമുള്ള വകുപ്പുകളാണ് റദ്ദാക്കിയത്. ഫീസ് നിയന്ത്രണ കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ സ്വാശ്രയ പ്രവേശനം നടത്തുന്നതിനുള്ള മാര്‍നിര്‍ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള മെഡിക്കല്‍ വിദ്യാഭ്യാസ ആക്ടിലെ വ്യവസ്ഥകളാണ് റദ്ദാക്കിയത്. ഫീസ് നിര്‍ണയ കമ്മറ്റിയുടെ രൂപീകരണം പുനപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാല് അംഗങ്ങള്‍ യോഗം ചേര്‍ന്നാല്‍ മതിയെന്ന വ്യവസ്ഥ കോടതി തള്ളി. ഫീസോ മറ്റേതെങ്കിലും സംഗതികളോ സംബന്ധിച്ച് സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ കോളേജുകളുമായി കരാറുണ്ടാക്കാമെന്ന നിയമത്തിലെ പ്രധാന വ്യവസ്ഥ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഫീസ് നിര്‍ണയത്തിനുള്ള അവകാശം കമ്മറ്റിക്കള്‍ക്കില്ല. മാനേജ്മെന്റുകള്‍ ശിപാര്‍ശ ചെയ്യുന്ന ഫീസ് ഘടന പ്രകാരം തലവരിപണമോ, അമിതലാഭമോ ഈടാക്കുന്നുണ്ടോയെന്ന് കമ്മറ്റിക്ക് പരിശോധിക്കാം. താല്‍കാലികമായി ഫീസ് നിശ്ചയിക്കാമെന്ന വ്യവസ്ഥയും കോടതി റദ്ദാക്കി.

അടുത്ത വര്‍ഷം മുതല്‍ സ്വാശ്രയ പ്രവേശനം നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. എല്ലാവര്‍ഷവും നവംബര്‍ 15 നകം ഫീസ് സംബന്ധിച്ച വിവരങ്ങള്‍ കോളജുകള്‍ കമ്മറ്റിക്ക് നല്‍കണം. ഡിസംബര്‍ 12 നകം കമ്മറ്റി ആവശ്യമായ എല്ലാ രേഖകളും കോളജുകളില്‍ നിന്ന് ആവശ്യപ്പെടണം. 30 നകം രേഖകള്‍ കൈമാറണം. ഫെബ്രുവരി 15 നകം ക്യത്യമായ ഫീസ് നിശ്ചയിക്കണം. ഇതു സംബന്ധിച്ച നിയമനടപടികള്‍ ഹൈക്കോടതി ഉള്‍പ്പെടെ മാര്‍ച്ച് 15 നകം തീര്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.

Similar Posts