Kerala
സഹോദരന്‍റെ കസ്റ്റഡി മരണം: സമരം തുടരുമെന്ന് ശ്രീജിത്ത്സഹോദരന്‍റെ കസ്റ്റഡി മരണം: സമരം തുടരുമെന്ന് ശ്രീജിത്ത്
Kerala

സഹോദരന്‍റെ കസ്റ്റഡി മരണം: സമരം തുടരുമെന്ന് ശ്രീജിത്ത്

Sithara
|
20 May 2018 11:09 PM GMT

സഹോദരന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന ഉത്തരവ് ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് ശ്രീജിത്ത്.

സഹോദരന്‍റെ കസ്റ്റ‍ഡി മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം മരണം വരെ തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായി ശ്രീജിത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എന്നാല്‍ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ സ്റ്റേ നീക്കം ചെയ്യാന്‍ സമ്മതമാണെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി എജിയെ ചുമതലപ്പെടുത്തി.

സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസം പിന്നിടുന്ന വേളയിലാണ് മുഖ്യമന്ത്രി ശ്രീജിത്തും കുടുംബവുമായി ചര്‍ച്ച നടത്തിയത്. ശ്രീജിത്തിന്റെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. സിബിഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിക്കും. ഇക്കാര്യമാവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ പിന്താങ്ങും. പ്രതികളായ പൊലീസുകാര്‍ക്കെതിരെ പൊലീസ് കംപ്ലൈന്‍സ് അതോറിറ്റി ഉത്തരവ് പ്രകാരം സ്വീകരിച്ച ശിക്ഷാനടപടിയില്‍ നിലവിലുള്ള സ്റ്റേ നീക്കം ചെയ്യാന്‍ ഹൈക്കോടതിയില്‍ അനുകൂല നിലപാട് സ്വീകരിക്കും. ഇക്കാര്യം അഡ്വക്കേറ്റ് ജനറലിനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചുമതലപ്പെടുത്തി.

ശ്രീജിത്തിന്റെ അമ്മയെ പൊലീസുകാര്‍ അപമാനിച്ചെന്ന പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചു. പക്ഷെ സമരം തുടരാന്‍ തന്നെയാണ് ശ്രീജിത്തിന്റെയും ഒപ്പമുള്ളവരുടെയും തീരുമാനം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറങ്ങിയാല്‍ പോര, അന്വേഷണം തുടങ്ങിയെന്ന് ബോധ്യപ്പെട്ടാലേ സമരം അവസാനിപ്പിക്കൂവെന്നും ശ്രീജിത്ത് പറയുന്നു.
ഇതിനിടെ സിബിഐ കേസ് ഏറ്റെടുക്കാമെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നല്‍കിയതായി എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലും അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു അറിയിപ്പും സര്‍ക്കാരിനോ ശ്രീജിത്തിനോ ലഭിച്ചിട്ടില്ല.

Similar Posts