Kerala
കയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വധഭീഷണികയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വധഭീഷണി
Kerala

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വധഭീഷണി

Sithara
|
20 May 2018 4:56 AM GMT

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കരാര്‍ എടുത്തയാളാണ് തഹസില്‍ദാറെ 10 ദിവസത്തിനകം വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ ശ്രീകുമാറിന് വധഭീഷണി. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കരാര്‍ എടുത്തയാളാണ് തഹസില്‍ദാറെ 10 ദിവസത്തിനകം വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ കെ ശ്രീകുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

മൂന്നാര്‍ ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിലെ 607/1 സര്‍വേ നമ്പര്‍ ഭൂമിയില്‍ കയ്യേറ്റം നടത്തി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുമായി മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തിയത്. സമ്മറി എവിക്ഷന്‍ അതായത് അടിയന്തരമായി ഒഴിപ്പിക്കല്‍ നടപടിക്ക് നേരത്തെ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഈ ഭൂമിയില്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിന്‍റെ പകര്‍പ്പ് കക്ഷിക്ക് നല്‍കി. ഇതിന്‍റെ ഭാഗമായി ഒഴിപ്പിക്കല്‍ നടപടിക്ക് എത്തിയപ്പോഴാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന കരാറുകാരന്‍ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയതെന്ന് സ്പെഷല്‍ തഹസില്‍ദാര്‍ പറയുന്നു.

ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും വധഭീഷണി സംബന്ധിച്ച് കെ ശ്രീകുമാര്‍ പരാതിപ്പെട്ടു. ഒഴിപ്പിക്കല്‍ നടപടിക്കിടെ വധഭീഷണി മുഴക്കിയപ്പോള്‍ പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്. മുമ്പ് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കയ്യറ്റമൊഴിപ്പിക്കലിനിടെ ഉദ്യോഗസ്ഥരെ ഭൂമാഫിയ ആക്രമിച്ചപ്പോഴും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.

Similar Posts