ചെങ്ങന്നൂരില്‍ നിലപാട് ഇനിയും വ്യക്തമാക്കാതെ മാണി വിഭാഗം
|പിന്തുണ തങ്ങള്‍ക്കെന്ന് യുഡിഎഫും എല്‍ഡിഎഫും; പ്രതീക്ഷ കൈവിടാതെ എന്‍ഡിഎ
ചെങ്ങന്നൂരില്‍ പ്രചാരണ ചൂട് മുറുകുമ്പോഴും നിലപാട് വിശദമാക്കാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം. മാണിയുടെ പിന്തുണ തങ്ങള്‍ക്കെന്ന് യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം മാണിയെ എന്‍ഡിഎയില്‍ എത്തിക്കുന്നതിനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്.
മലയോര പ്രദേശവുമായി ചേര്‍ന്നു നില്ക്കുന്ന മണ്ഡലമെന്ന നിലയില്‍ ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കൃത്യമായ സ്വാധീന മേഖലകളുണ്ട്. ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുന്നതിനും മാണിയുടെ പിന്തുണ സഹായിക്കുമെന്നാണ് മുന്നണികളുടെ വിലയിരുത്തല്‍. എന്നാല്‍ മനസ്സ് തുറക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറാകാത്തതിനാല്‍ കൂട്ടിയും കിഴിച്ചും പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മുന്നണികള്‍. മലപ്പുറത്ത് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ മാണി വിഭാഗം മുസ്ലിം ലീഗിന് നല്കിയ പിന്തുണയില്‍ പ്രതീക്ഷ വെയ്ക്കുകയാണ് യുഡിഎഫ് ക്യാമ്പ്.
മാണിയെ എന്‍ഡിഎയില്‍ എത്തിക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളും പുരോഗമിക്കുകയാണ്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരു കക്ഷികളും ധാരണയിലെത്തിയിരുന്നില്ല. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു മാണി വിഭാഗം നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷവും അനിശ്ചിതത്വം തുടരുകയാണ്.