പൊലീസും കോണ്‍ഗ്രസുകാരും ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കുന്നു: ജിഷയുടെ പിതാവ്
|പൊലീസും കോണ്‍ഗ്രസുകാരും ചേര്‍ന്ന് തന്റെ മകളുടെ കൊലപാതക കേസിലെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ജിഷയുടെ പിതാവ് പാപ്പു
പോലീസും കോണ്‍ഗ്രസുകാരും ചേര്‍ന്ന് തന്റെ മകളുടെ കൊലപാതക കേസിലെ അന്വേഷണം അട്ടിമറിക്കുകയാണെന്ന് ജിഷയുടെ പിതാവ് പാപ്പു ആരോപിച്ചു. ജോമോന് പുത്തന്പുരയ്ക്കലിനെതിരായി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചത് ഒരു പോലീസുകാരനും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെംബറും ചേര്‍ന്നാണെന്നും പാപ്പു മീഡിയവണിനോട് പറഞ്ഞു.
ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ തന്നെകൊണ്ട് പരാതി കൊടുപ്പിച്ചത് വിനോദെന്ന പോലീസുകാരനും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെംബര്‍ സുനിലും ചേര്‍ന്നാണെന്നാണ് ജിഷയുടെ പിതാവ് പാപ്പുവിന്റെ വെളിപ്പെടുത്തല്‍. ഇരുവരും മുന്‍കൂട്ടി തയ്യാറാക്കികൊണ്ടുവന്ന പരാതിയില്‍ തന്നെ കൊണ്ട് ഒപ്പിടീക്കുകയായിരുന്നു. പരാതിയുടെ ഉള്ളടക്കം തനിക്കറിയില്ലായിരുന്നുവെന്നും പാപ്പു മീഡിയവണിനോട് പറഞ്ഞു.
ഒപ്പിടീച്ചശേഷം സുനില്‍ 1000 രൂപ തന്നപ്പോഴാണ് തനിക്ക് സംശയം തോന്നിയത്. ജിഷവധകേസ് അന്വേഷണം അട്ടിമറിക്കാന്‍ പോലീസുകാരും കോണ്‍ഗ്രസുകാരും ഒത്തുകളിക്കുന്നുണ്ടെന്നും പാപ്പു ആരോപിച്ചു. ഏത് സംഘം അന്വേഷിച്ചാലും തന്റെ മകളുടെ കൊലപാതകിയെ പിടികൂടിയാല്‍ മതിയെന്നാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പു പറയുന്നത്.