പീഡനത്തിനിരയായ യുവതിക്ക് നീതി നിഷേധിച്ചു; തൃശൂര്‍ കലക്ടര്‍ക്കും എസ്പിക്കുമെതിരെ കേസ്
|നാട്ടികയില്‍ പീഡനത്തിന് ഇരയായ ബധിരയും മൂകയുമായ യുവതിക്ക് സ്വാഭാവികനീതി നിഷേധിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടത്തി.
നാട്ടികയില്‍ പീഡനത്തിന് ഇരയായ ബധിരയും മൂകയുമായ യുവതിക്ക് സ്വാഭാവികനീതി നിഷേധിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടത്തി. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും എസ്പിക്കുമെതിരെ കമ്മീഷന്‍ കേസെടുത്തു. പീഡനത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങൾ ലംഘിച്ചതായും മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി.
നാട്ടിക പള്ളത്ത് പീഡനത്തിന് ഇരയായ ബധിരയും മൂകയുമായ യുവതിയെ തെളിവെടുപ്പിന്റെ പേരിൽ പ്രദര്‍ശന വസ്തുവാക്കിയെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹന്‍കുമാറിന്റെ നടപടി. സംഭവത്തില്‍ കലക്ടര്‍ വി.രതീശന്‍, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി, ഡി.എം.ഒ വി.സുഹിത, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷംസാദ് ബീഗം എന്നിവര്‍ക്കെതിരെ കമ്മീഷൻ കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ജനറൽ വാര്‍ഡിലാണ് ചികിത്സ നല്‍കിയത്.
പ്രതിയുമായി പൊലീസ് തെളിവെടുപ്പിനത്തെിയതും യുവതി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജനറല്‍ വാര്‍ഡിലായിരുന്നു. ഈ സമയത്ത് മറ്റ് രോഗികളും കൂട്ടിരിപ്പുകാരുമായി നിരവധി പേർ ഇവിടെയുണ്ടായിരുന്നു. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇത് സുപ്രീംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണന്നും കമ്മീഷന്‍ വിലയിരുത്തി.