ഓണം പെരുന്നാള്‍ വിപണി സജീവം
|കോഴിക്കോട് മിഠായി തെരുവ് വിപണിയില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടലുകള്‍ ആശ്വാസകരമെന്ന് ഉപഭോക്താക്കള്‍ പറയുന്നു
ഓണം വലിയപെരുന്നാള് ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള വിപണികള്‍ നഗരങ്ങളില്‍ സജീവമായി തുടങ്ങി. കോഴിക്കോട് മിഠായി തെരുവ് വിപണിയില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടലുകള്‍ ആശ്വാസകരമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്.
കൈത്തറി വസ്ത്ര പ്രദര്‍ശനവും വില്‍പ്പനയും പലയിടത്തും നേരത്തെ തന്നെ തുടങ്ങി. വൈവിധ്യങ്ങളും റിബേറ്റും ഉണ്ടെങ്കിലും കൈത്തറി വസ്ത്രങ്ങളോട് താല്പര്യം കുറയുന്നുണ്ട് എന്ന് കച്ചവടക്കാര്‍ പറയുന്നു. വിവിധ സഹകരണസംഘങ്ങളുടെയും വസ്ത്രവിപണികള് സജീവമായിട്ടുണ്ട്. ഡസ്കൗണ്ടും സമ്മാന നറുക്കെടുപ്പുകളും പലയിടത്തുമുണ്ട്. വഴിയോരങ്ങള്‍ തെരുവുകച്ചവടക്കാര്‍ കയ്യടക്കിക്കഴിഞ്ഞു.
മിഠായിത്തെരുവിലേക്ക് വൈകീട്ട് നാലുമുതല്‍ ജനങ്ങളുടെ ഒഴുക്കാണ്. വസ്ത്ര ചെരുപ്പ് വിപണികളിലാണ് തിരക്ക് കൂടുതല്‍. മിഠായിത്തെരുവ് ഒരു ആശ്വാസം തന്നെയെന്ന് ഉപഭോക്താക്കള്‍. പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്നുള്ള കണ്‍സ്യൂമര്‍ഫെഡ് വിപണികളും സജീവമായിതുടങ്ങി. റേഷന്‍കാര്‍ഡുള്ളവര്‍ക്കാണ് സബ്സിഡി. പല സാധനങ്ങള്‍ക്കും പുറത്തുള്ള വിപണിയേക്കാള്‍ പകുതിയോളം വിലകുറവാണിവിടെ. വരും ദിവസങ്ങളില്‍ ഓണം ബക്രീദ് വിപണികളിലേക്കുള്ള തിരക്ക് ഇരട്ടിയിലധികമാകും.