Kerala
പ്രധാനധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചുപ്രധാനധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു
Kerala

പ്രധാനധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

Jaisy
|
21 May 2018 5:12 PM GMT

മൂവാറ്റുപുഴ വാഴക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്ക‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരിച്ചത്

പ്രധാനധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്ക‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരിച്ചത്. പ്രധാനാധ്യാപികക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നും ഇന്നു നടപടിയുണ്ടായില്ലെങ്കില്‍ മൃതദേഹവുമായി വാഴക്കുളം പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

ശരീരത്തില്‍ 80 ശതമാനവും പൊള്ളലേറ്റ് നിലയില്‍ ചികില്‍സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി നന്ദന ഇന്നു പുലര്‍ച്ചെ 12.45നാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പരീക്ഷയക്കു മുന്‍പ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബാഗുകള്‍ പരിശോധിച്ച അധ്യാപകര്‍ക്ക് നന്ദനയുടെ ബാഗില്‍നിന്ന് കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രധാനധ്യാപിക നന്ദനയെ സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് മോശം പദപ്രയോഗം നടത്തിയെന്നാണ് അച്ഛന്റെ പരാതി. ഇതില്‍ മനംനൊന്താണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നന്ദനയും ഏറ്റുമൂനൂര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് നന്ദനയുടെ അച്ഛന്‍ പറയുന്നു.

പ്രാധാനാധ്യാപികയ്ക്കെതിരെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. രാവിലെ പത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം നന്ദനയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Similar Posts