നടിയെ ആക്രമിച്ച കേസ്: ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
|14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ 14 ദിവത്തേക്ക് റിമാന്‍റ് ചെയ്തു. ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലാണുള്ളത്. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡി അപേക്ഷയും ദിലീപിന്‍റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. കേസില്‍ നാദിര്‍ഷ പ്രതിയല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
രാവിലെ ആറ് മണിക്കാണ് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയത്. ആറരയോടെ ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എല്ലാം കഴിഞ്ഞ് താന്‍ പ്രതികരിക്കുമെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം അനുവദിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. ഒപ്പം കസ്റ്റഡിയാവശ്യം പൊലീസും ഉന്നയിച്ചു. പതിനെട്ടോളം തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണ സംഘം ജാമ്യാപേക്ഷക്കെതിരെ വാദിച്ചതും കസ്റ്റഡിയാവശ്യം ഉന്നയിച്ചതും. ഇക്കാര്യങ്ങളില്‍ നാളെ തീരുമാനം വ്യക്തമാക്കാമെന്ന് കോടതി അറിയിച്ചു.
തന്നെ കാക്കനാട് ജയിലില്‍ അയക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ദിലീപ് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ആലുവ സബ്ജയിലിലേക്ക് ദിലീപിനെ അയച്ചത്. കസ്റ്റഡിയാവശ്യം ഉന്നയിച്ച് പോലീസ് ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ നല്‍കും. 2013ലാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗൂഢാലോചനയും ക്വട്ടേഷനും ഉണ്ടാകുന്നത്. ആ സമയത്ത് സംവിധായകന്‍ നാദിര്‍ഷക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും അതിനാല്‍ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.