തച്ചങ്കരി ഹൈകോടതിയിലേക്ക്; പരമാര്‍ശം നീക്കണമെന്ന് ആവശ്യപ്പെടും
|തച്ചങ്കരി വിഷയത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിന് പോകേണ്ടന്നാണ് സര്‍ക്കാരിന് നിയമ സെക്രട്ടറി നല്കിയ ഉപദേശം
ഹൈകോടതിയില്‍ നിന്നുള്ള എതിര് പരാമര്‍ശം നീക്കികിട്ടാന്‍ എഡിജിപി ടോമിന് ജെ തച്ചങ്കരി നിയമ നടപടിക്ക്. അഴിമതിക്കേസുകളിലടക്കം അന്വേഷണം നേരിടുന്ന തച്ചങ്കരിയെ പ്രധാനപദവിയില് നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ കോടതി വിമര്‍ശിച്ചിരുന്നു. തച്ചങ്കരി വിഷയത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിന് പോകേണ്ടന്നാണ് സര്‍ക്കാരിന് നിയമ സെക്രട്ടറി നല്കിയ ഉപദേശം.
ഹൈകോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശങ്ങള്‍ ഏല്‍ക്കുന്നത് കാരണം പൊലീസ് ആസ്ഥാനത്തെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചനയെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ നീക്കങ്ങള്‍. നിലവിലുള്ള പദവിയില്‍ തച്ചങ്കരിയെ നിലനിര്‍ത്തണമോയെന്ന് ഹൈകോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഹൈകോടതി പരാമര്‍ശത്തെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയ സാഹചര്യവും കൂടി കണക്കിലെടുത്താണ് തീരുമാനം. കോടതി തന്നെ പരാമര്‍ശം നീക്കിയാല്‍ നിലവിലെ പദവിയില്‍ തുടരാനാകുമെന്നാണ് തച്ചങ്കരി കരുതുന്നത്. തനിക്കെതിരെയുള്ള കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എഡിജിപി സര്‍ക്കാരിന് നല്‍കിയിരുന്നു. തച്ചങ്കരിക്കെതിരെയാണ് വിമര്‍ശമെങ്കിലും സര്‍ക്കാരിനാണ് കോടതി നിലപാട് നാണക്കേട് ഉണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഹൈകോടതിയെ സമീപിക്കാന്‍ ആലോചന നടന്നുവെങ്കിലും തച്ചങ്കരിക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിക്കണ്ടെന്ന ഉപദേശമാണ് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയത്.