കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും
|വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയുമടക്കം ആഞ്ച് ആവശ്യങ്ങളുന്നയിച്ച് നടി സമര്‍പ്പിച്ച പ്രത്യേക അപേക്ഷയും ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് പുനരാരംഭിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയുമടക്കം ആഞ്ച് ആവശ്യങ്ങളുന്നയിച്ച് നടി സമര്‍പ്പിച്ച പ്രത്യേക അപേക്ഷയും ഇന്ന് പരിഗണിക്കും. അതേസമയം കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ 14ന് ആരംഭിച്ചിരുന്നു. വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയുമടക്കം ആഞ്ച് ആവശ്യങ്ങളുന്നയിച്ച് ഇതേ ദിവസം നടി പ്രത്യേക ഹരജിയും നല്‍കി. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുള്ളതിനാല്‍ നടിക്ക് പ്രത്യേക അഭിഭാഷകനെ വെക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് കോടതി ഹരജി പരിഗണിക്കാനായി മാറ്റിയിരുന്നത്. ഈ ആപേക്ഷയുള്‍പ്പടെയാകും കേസ് കോടതി ഇന്ന് പരിഗണിക്കുക.
ദിലീപും പള്‍സര്‍ സുനിയുമടക്കം കേസിലെ 10 പ്രതികള്‍ കഴിഞ്ഞ 14ന് കോടതിയില്‍ ഹാജരായിരുന്നു. ഇന്ന് ദിലീപ് കോടതിയില്‍ അവധി അപേക്ഷ നല്‍കാനാണ് സാധ്യത. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങള്‍ ഒഴികെ ഇരയുടെ മെഡിക്കല്‍ പരിശോധനാ ഫലമടക്കമുള്ള മറ്റ് തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.