കേരളം വിട്ടവരില്‍ മൂന്നു പേര് ശ്രീലങ്കയിലെത്തിയതിന് സ്ഥിരീകരണം
|കേരളം വിട്ടവരില്‍ മൂന്നു പേര് ശ്രീലങ്കയില്‍ എത്തിയതിനു സ്ഥിരീകരണം. ദമ്മാജ് സലഫികളുടെ ശ്രീലങ്കയിലെ സ്ഥാപനത്തിലാണ് ഇവര്‍ എത്തിയത്.
കേരളം വിട്ടവരില്‍ മൂന്നു പേര് ശ്രീലങ്കയില്‍ എത്തിയതിനു സ്ഥിരീകരണം. ദമ്മാജ് സലഫികളുടെ ശ്രീലങ്കയിലെ സ്ഥാപനത്തിലാണ് ഇവര്‍ എത്തിയത്. ഇക്കാര്യം സ്ഥാപന മേധാവി നവാസ് അല്‍ഹിന്ദി സ്ഥിരീകരിക്കുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.
പാലക്കാട് സ്വദേശി യഹ്യ, പടന്ന സ്വദേശി അഷ്ഫാഖ്, ഉടുമ്പന്തലയിലെ അബ്ദുല്‍ റാഷിദ് എന്നിവരാണ് ശ്രീലങ്കയില്‍ എത്തിയത്. ശ്രീലങ്കന്‍ സലഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇവര്‍ പഠനം നടത്തി. ഐഎസിനെക്കുറിച്ച് ഇവര്‍ സംശയമുന്നയിച്ചു. അല്‍ഖഇദ, ഐഎസ്, ഖവാരിജുകള്‍ എന്നിവരെക്കുറിച്ചും ഇവര്‍ സംശയങ്ങളുന്നയിച്ചു. സംശയം തീര്‍ക്കാന്‍ മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയെന്ന് നവാസ് അല്‍ഹിന്ദി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അസംതൃപ്തി പ്രകടിപ്പിച്ച് ഇവര്‍ സ്ഥാപനം വിട്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരാണെന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ പൂര്‍ണ മുസ്ലിമായി ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. കാണാതായവര്‍ നാട്ടിലേക്ക് അയച്ച സന്ദേശങ്ങളില്‍ ഏറെയും ദമ്മാജ് സലഫികളുടെ വിശ്വാസങ്ങളാണെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ മുജാഹിദ് സംഘടന വഴി സലഫി ആശയ ധാരയുടെ ഭാഗമായവരാണ് കാണാതായവരില്‍ ഭൂരിഭാഗവുമെന്ന് ബന്ധുക്കള്‍ പറയുന്നു. മതവിജ്ഞാനങ്ങളല്ലാത്തതെല്ലാം ഉപകാരമില്ലാത്തതാണെന്നാണ് ഇവരുടെ വിശ്വാസം. പലരും ആഡംബര ജീവിതം ഉപേക്ഷിച്ച് മതപഠനത്തില്‍ മാത്രം മുഴുകി. ആധുനിക സംവിധാനങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഇസ്ലാമിക ലോകത്ത് എത്തിയെന്നും ഇതില്‍ ഏറെ സന്തുഷ്ടരാണെന്നുമാണ് അഷ്ഫാക്ക് ഏറ്റവും ഒടുവില്‍ അയച്ച സന്ദേശം.