കല്ലായിപ്പുഴ നവീകരണപദ്ധതി എങ്ങുമെത്തിയില്ല
|കരാറുകാരന് പദ്ധതി വൈകിപ്പിക്കുന്നതായി ആരോപണം
കോഴിക്കോട് കല്ലായി പുഴ നവീകരണ പദ്ധതിക്ക് നീക്കി വച്ച കോടികള്‍ പാഴാവുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവൃത്തികള്‍ ഇനിയും തുടങ്ങാനായിട്ടില്ല. കരാറുകാരന്റെ നിസ്സഹകരമാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് ജലസേചനവകുപ്പിന്റെ ന്യായീകരണം.
തീരത്തെ കൈയ്യേറ്റം ഒഴിപ്പിക്കല്‍, ഒരു മീറ്റര്‍ ആഴത്തില്‍ ചെളി നീക്കല്‍, സംരക്ഷണ ഭിത്തി നിര്‍മ്മിക്കല്‍ തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2012 ല്‍ ടെണ്ടര്‍ ചെയ്ത പദ്ധതിക്ക് 4 കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവൃത്തികള്‍ ഒന്നും നടന്നില്ല.
കരാറുകാരനാണ് പദ്ധതി വൈകിപ്പിക്കുന്നതെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. പുഴയിലെ ചെളി കാരണം ഡ്രഡ്ജിങ് നടക്കില്ലെന്ന് കരാറുകാരന് നേരത്തെ അറിയിച്ചിരുന്നു. തുറമുഖ വകുപ്പിന്റെ സഹായത്തോടെ പ്രശ്നം പരിഹരിക്കാന്‍ ജലസേചനവകുപ്പ് ശ്രമിക്കുന്നുണ്ട്.