പെണ്‍മനസിന്റെ സഞ്ചാരങ്ങളെ വര്‍ണ്ണങ്ങളാക്കി സ്മിത
|പതിനെട്ട് അക്രലിക് പെയിന്റിംഗുകളാണ് പ്രദര്‍ശനത്തിനുള്ളത്
പെണ്‍മനസിന്റെ സഞ്ചാരങ്ങളെയും അസ്വസ്ഥതകളെയും ചെറു ജീവികളിലൂടെ ആവിഷ്ക്കരിക്കുകയാണ് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന സ്മിത ജിഎസിന്റെ ചിത്രപ്രദര്‍ശനം. സഹജീവികള്‍ പ്രതിരോധത്തില്‍ തന്നെയാണ് എന്ന് കൂടി പറയുന്ന പതിനെട്ട് അക്രലിക് പെയിന്റിംഗുകളാണ് പ്രദര്‍ശനത്തിനുള്ളത്.
നമ്മുടെയൊക്കെ ജീവിതപരിസരങ്ങളില്‍ വസിക്കുകയും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചെറുജീവികളെയാണ് സ്മിത പകര്‍ത്തുന്നത്. മണിയനീച്ച, ഉറുമ്പ്, പുഴു, ഈയാം പാറ്റ, തുമ്പി , കുഴിയാന പല്ലി, വവ്വാല്‍ തുടങ്ങിയ ജീവിവര്‍ഗ്ഗങ്ങളുടെ സ്വപ്നങ്ങളും ജീവിതക്രമങ്ങളും അസ്വസ്ഥതകളും പകര്‍ത്തുന്നു. ശരറാന്തിലിനു ചുറ്റും പറന്ന് താഴെ വീഴുന്ന ഈയാപാറ്റകളും പൊട്ടക്കിണറ്റില്‍ നിന്നും മുകളിലേക്ക് ചാടാന്‍ ശ്രമിക്കുന്ന തവളക്കൂട്ടങ്ങളും വെള്ളത്തില്‍ നിന്നും ആകാശത്തേക്ക് പറക്കുന്ന മത്സ്യങ്ങളും മനുഷ്യ ജീവിതാവസ്ഥകള്‍ തന്നെയാണ്.
പെണ്‍മനസിന്റെ അസ്വസ്ഥതകളും സഞ്ചാരങ്ങളും കൂടിയാണ് ഇതെന്ന് ചിത്രകാരി. സഹജീവികള്‍ പ്രതിരോധത്തില്‍ തന്നെയാണ്. ഇത്തരം ജീവിവര്‍ഗ്ഗങ്ങള്‍ കൂടി ഇവിടെ ജീവിച്ചിരുന്നു എന്ന് പുതു തലമുറയ്ക്കുള്ള ഒര്‍മ്മപ്പെടുത്തലുകളും കൂടിയാണ് ഈ വരകള്‍. കോഴിക്കോട് അത്തോളി സ്വദേശിയാണ് സ്മിത ജിഎസ്. പതിനെട്ട് ചിത്രങ്ങളാണ് പ്രദര്‍ശിച്ചിരിക്കുന്നത്. വിവിധയിടങ്ങില്‍ നേരത്തെയും സ്മിത പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.