Kerala
കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷംകെ കെ ശൈലജ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം
Kerala

കെ കെ ശൈലജ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

Sithara
|
22 May 2018 12:12 PM GMT

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ശൈലജക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിഷയം നാളെ ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഹൈക്കോടതി പരാമര്‍ശം നടത്തി രണ്ട് ദിവസം കഴിഞ്ഞാണ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. നാളത്തെ നിയമസഭ സമ്മേളനത്തില്‍ കോടതി പരാമര്‍ശം ഉയര്‍ത്തിക്കൊണ്ടുവന്ന് മന്ത്രിയുടെ രാജിയാവിശ്യം സജീവമായി നിലനിര്‍ത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി കെ കെ ശൈലജ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടതിയില്‍ നിന്ന് വിമര്‍ശം ഏറ്റുവാങ്ങിയ ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. സഭക്ക് പുറത്തും ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് തീരുമാനം.

വയനാട് ബാലവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം കോടതി റദ്ദ് ചെയ്തിട്ടുണ്ട്. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുന്‍പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായിരുന്ന സുരേഷിനെ വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍റ് ചെയ്തിരുന്നു.

Similar Posts