Kerala
പുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധസമിതിപുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധസമിതി
Kerala

പുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധസമിതി

Muhsina
|
22 May 2018 4:28 AM GMT

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അനുമതി നല്‍കിയപ്പോഴുള്ള ചട്ടങ്ങള്‍ ഐഒസി പാലിച്ചില്ല. പദ്ധതിയുടെ മേല്‍നോട്ടത്തിന്..

പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് മാത്രമേ എല്‍പിജി പ്ലാന്റുമായി മുന്നോട്ട് പോകാവൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോ‍ര്‍ട്ട്. പദ്ധതിക്ക് അനുമതി നല്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂ‍ര്‍ണമായും പാലിച്ചിട്ടില്ലെന്നും ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പദ്ധതി പൂര്‍ണമായും നിര്‍ത്തിവെക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമര സമിതി.

പുതുവൈപ്പിലെ എല്‍പിജി പ്ലാന്‍റിനെതിരെ നടന്ന ജനകീയ സമരത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡോ. എല്‍ പൂര്‍ണചന്ദ്ര റാവുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഒക്ടോബര്‍ 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് സമര്‍പ്പിച്ചത്. ദുരന്ത നിവാരണ പ്ലാന്‍ ഒഴികെ നിയമപരമായ മിക്കവാറും അനുമതികളും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല.

പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ന്യായമായ ചില ആശങ്കകളും ആവലാതികളുമുണ്ട്. ഇത് പരിഹരിച്ച് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ. തീര സംരക്ഷണത്തിനുള്ള പദ്ധതി റിപ്പോര്‍ട്ട് പുതുക്കണം. ഐഒസിയുടെയും സമീപ പ്രദേശത്തെയും തീരം ഒലിച്ചുപോകുന്നത് തടയുന്നതിന് മണല്‍ കൊണ്ടുള്ള പരിഹാരം കണ്ടെത്തണം. ഐഒസിയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അടിസ്ഥാന സൌകര്യങ്ങളും സ്കൂള്‍, ആശുപത്രി സൌകര്യങ്ങളും ഏര്‍പ്പെടുത്തണം.കമ്മിറ്റിയുടെ ശിപാര്‍ശകളും അനുമതി മാനദണ്ഡങ്ങളും നടപ്പാക്കുമെന്ന് ഉറപ്പാക്കുന്നതിന് കമ്പനിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നും റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പദ്ധതി നിര്‍ത്തിവെക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി പറയുന്നു.

പദ്ധതിക്കെതിരായ പരാതി പരിഗണിക്കുന്ന ഹരിത ട്രിബ്യൂണല്‍ വിദഗ്ധ സമിതി റിപ്പോ‍ര്‍ട്ട് പരിശോധിക്കും. സമിതിയുടെ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ ആശങ്കയും പരിഗണിച്ച് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂ.

Similar Posts