പുതു വൈപ്പിൻ: വിദഗ്ധ സമിതി റിപ്പോർട്ട് ആശങ്കകൾ പരിഹരിക്കുന്നതല്ലെന്ന് നാട്ടുകാർ
|പുതു വൈപ്പിൻ ഐ.ഒ.സി പ്ലാന്റിനെ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതല്ലെന്ന് നാട്ടുകാർ. റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനാണ്..
പുതു വൈപ്പിൻ ഐ.ഒ.സി പ്ലാന്റിനെ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതല്ലെന്ന് നാട്ടുകാർ. റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഐ ഒ സി പ്ലാന്റ് പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നത് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
പുതുവൈപ്പിനിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്ക ന്യായമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേ സമയം പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് റിപ്പോർട്ട് തടസം നിൽക്കുന്നില്ല. ജനവാസ കേന്ദ്രത്തിൽ ഇത്തരമൊരു പദ്ധതി വരുന്നതാണ് ജനങ്ങളുടെ ഏറ്റവും വലിയ ആശങ്കയെന്നിരിക്കെ അതിൽ നിന്ന് പിന്നോട്ട് പോകാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി.
പദ്ധതിക്ക് ജനങ്ങൾ എതിരല്ലെന്നും ജനവാസ കേന്ദ്രത്തിൽ പദ്ധതി അനുവദിക്കാനാവില്ല എന്നതാണ് നിലപാടെന്നും സമരസമിതി വ്യക്തമാക്കി. സമരസമിതി യോഗം ചേർന്ന് തുടർസമര പരിപാടികൾക്ക് രൂപം നൽകും. പദ്ധതിക്കെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് വിഎസ് അച്യുതാനന്ദൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രദേശത്ത് ഐഒസി സ്ഥാപിച്ച മതില് പൊളിച്ച് മാറ്റാനും ദുരന്തനിവാരണ സമിതി വിഷയം പുനപരിശോധിക്കാനും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു.