സഹകരണ ബാങ്കുകളില്‍ ഏകീകൃത ബാങ്കിങ് അപ്രായോഗികം
|സഹകരണ ബാങ്കുകളുടെ ആധുനികവത്കരണത്തിനായുള്ള സമിതിയുടേതാണ് നിര്‍ദേശം
സഹകരണബാങ്കുകളില്‍ ഏകീകൃത ബാങ്കിങ് അപ്രായോഗികമെന്ന് സര്‍ക്കാര്‍ സമിതി. സഹകരണബാങ്കുകളുടെ ആധുനികവത്കരണത്തിനായുള്ള സമിതിയുടേതാണ് നിര്‍ദേശം. ഏകീകൃത മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സോഫ്‍റ്റുവെയര്‍ ആകാമെന്നാണ് സമിതി പറയുന്നത്. സഹകരണ വകുപ്പ് സ്പെഷ്യല് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗത്തിന്റെ മിനിറ്റ്സ് മീഡിയവണിന്
പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്‍റ്റുവെയര്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തല്‍. ബാങ്കുകളുടെ നവീകരണത്തിനായി നിയോഗിച്ച സര്‍ക്കാര്‍ തല സമിതി തന്നെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സോഫ്‍റ്റുവെയറാണ് പ്രായോഗികമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കിങ് സോഫ്‍റ്റുവെയര്‍ രംഗത്തെ വിദഗ്ദരുടെ അഭിപ്രായവും ഇതു തന്നെ. സര്‍ക്കാര്‍ തല സമിതിയുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ അന്വേഷണം
സംസ്ഥാനത്തെ 16000 ത്തോളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി ഏകീകൃത സോഫ്‍റ്റുവെയര്‍ നടപ്പാക്കുന്നതിനാണ് ഇഫ്‍താസുമായി കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഏകീകൃത സോഫ്‍റ്റുവെയര്‍ എന്ന ആശയം തന്നെ അപ്രായോഗികമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപാടുകളുടെ വൈവിധ്യം തന്നെയാണ് പ്രധാന കാരണം
സഹകരണ ബാങ്കുകളുടെ ആധുനികവത്കരണത്തിനായി സഹകരണ വകുപ്പ് സ്പെഷ്യല് സെക്രട്ടറി അധ്യക്ഷനും സഹകരണ വകുപ്പ് രജിസ്ട്രാറും മറ്റുവിദഗ്ധരും അംഗങ്ങളായ സമിതി സര്‍ക്കാര്‍ തന്നെ രൂപീകരിച്ചിരുന്നു. സമിതി 2016 ജൂലൈ 12 ന് ചേര്‍ന്ന യോഗത്തിന്‍റെ മിനിറ്റ്സാണിത്. സഹകരണ സംഘങ്ങള്‍ക്ക് സ്വതന്ത്രമായി സോഫ്‍റ്റുവെയര്‍ ദാതാക്കളെ കണ്ടെത്താമെന്നും അടിസ്ഥാന മാര്‍ഗ നിര്‍ദേശങ്ങള്‍ സഹകരണ വകുപ്പ് നല്‍കിയാല്‍ മതിയെന്നുമായിരുന്നു ഈ സര്‍ക്കാര്‍ തല സമിതിയുടെ തീരുമാനം.
എന്നാല്‍ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ട വിദഗ്ധ സമിതി ഏകീകൃത സോഫ്‍റ്റുവെയര്‍ എന്ന തീരുമാനിത്തിലേക്ക് പോവുകയായിരുന്നു. ഇതിന് ശേഷമാണ് ഇഫ്‍താസ് ചിത്രത്തില്‍ വരുന്നതും.